അൽ നജാത്ത് ചാരിറ്റി ജോർഡനിലെ അഭയാർഥി ക്യാമ്പുകളിൽ സഹായമെത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നജാത്ത് ചാരിറ്റി ശീതകാല കാമ്പയിനിന്റെ ഭാഗമായി ജോർഡനിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന 670 സിറിയൻ കുടുംബങ്ങൾക്ക് സഹായം നൽകി. ശൈത്യകാലത്ത് ജോർഡനിലെ സിറിയൻ അഭയാർഥി കുടുംബങ്ങളെ സഹായിക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അൽ നജാത്ത് ചെയർമാൻ ഫൈസൽ അൽ സമൽ പറഞ്ഞു.
കുടുംബങ്ങൾക്ക് പുതപ്പുകൾ, വസ്ത്രങ്ങൾ, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം എന്നിവയാണ് എത്തിച്ചത്. ശൈത്യകാല സാഹചര്യത്തിൽ ഈ സഹായത്തിന്റെ പ്രാധാന്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും ജോർഡനിലെ സിറിയൻ അഭയാർഥി ക്യാമ്പുകളിലേക്ക് അൽ നജാത്ത് ചാരിറ്റി ആവശ്യമായ സഹായം എത്തിച്ചിരുന്നു. ഔദ്യോഗിക ചാരിറ്റി എയ്ഡ് സൊസൈറ്റികളുമായി സഹകരിച്ചാണ് അൽ നജാത്ത് ചാരിറ്റി കാമ്പയിനുകൾ നടത്തുന്നതെന്നും അൽ സമൽ വ്യക്തമാക്കി.

