ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: പ്രവാചകൻ ഇബ്രാഹീമിെൻറയും കുടുംബത്തിെൻറയും ത്യാഗോജ്വല ജീവിതസ്മരണ പുതുക്കി സ്വദേശികളും വിദേശികളുമുൾപ്പെടെ വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. കോവിഡ് പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷത്തിന് പൊലിമ കുറയും. ഇൗദുൽ ഫിത്റിന് പള്ളികൾ അടച്ചതിനാൽ വീട്ടിലായിരുന്നു നമസ്കാരമെങ്കിൽ ഇത്തവണ 14 ഇൗദ്ഗാഹ് കേന്ദ്രങ്ങളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും.
രാവിലെ 5.22നാണ് പെരുന്നാൾ നമസ്കാരം. സാധാരണ പെരുന്നാൾ ദിവസം വൈകീട്ട് നടക്കാറുള്ള കലാപരിപാടികൾ, പിക്നിക്, സാംസ്കാരിക സദസ്സുകൾ എന്നിവ ഇത്തവണയില്ല. ചില സംഘടനകൾ ഒാൺലൈനായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പൂർണ കർഫ്യൂവിൽ ഇളവ് അനുവദിച്ച വൈകുന്നേരത്തെ രണ്ടുമണിക്കൂർ മാത്രമാണ് നോമ്പു പെരുന്നാളിന് ആകെ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നുവരെ മാത്രമാണ് കർഫ്യൂ. എല്ലാ പ്രദേശങ്ങളിലും ലോക് ഒഴിവാക്കിയതും ആശ്വാസമാണ്. സംഘടിത ബലികർമത്തിന് ഒരുക്കമായി. ചില മലയാളി സംഘടനകൾ പണം സ്വരൂപിച്ച് കേരളത്തിലും ഉത്തരേന്ത്യയിലും ബലികർമം നടത്താൻ അയച്ചുകൊടുത്തു. സർക്കാർ തലത്തിൽ സുരക്ഷാ നടപടിക്രമങ്ങൾ ശക്തമാക്കി.
കുവൈത്തിൽ ബലി പെരുന്നാൾ അവധി അഞ്ചുദിവസമാണ്. ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെയാണ് അവധി. ബുധനാഴ്ച അടച്ച സർക്കാർ ഒാഫിസുകൾ ആഗസ്റ്റ് നാലിന് തുറന്നു പ്രവർത്തിക്കും. വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങൾക്കുപുറമെ മൂന്നുദിവസം മാത്രമാണ് ഇത്തവണ അവധി.
കുവൈത്തിൽ 14 കേന്ദ്രങ്ങളിൽ ഇൗദ്ഗാഹ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ഇൗദ്ഗാഹ് നടക്കുക 14 കേന്ദ്രങ്ങളിൽ. സുർറ യൂത്ത് സെൻറർ, സുലൈബീകാത്ത് ഗ്രൗണ്ട്, ദൽയ യൂത്ത് സെൻറർ, സബാഹിയ യൂത്ത് സെൻറർ, മംഗഫ് യൂത്ത് സെൻറർ, ഫഹാഹീൽ യൂത്ത് സെൻറർ, സബാഹ് അൽ സാലിം യൂത്ത് സെൻറർ, അൽ ഖസ്ർ ജഹ്റ സ്പോർട്സ് ഗ്രൗണ്ട്, സുലൈബിയ സ്പോർട്സ് ഗ്രൗണ്ട്, ബയാൻ ഗ്രൗണ്ട്, മിഷ്രിഫ് ഗ്രൗണ്ട്, മുബാറക് അൽ കബീർ ഗ്രൗണ്ട്, ഖുസൂർ യൂത്ത് സെൻറർ, അർദിയ യൂത്ത് സെൻറർ എന്നിവിടങ്ങളിലാണ് മൈതാനങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുക. സ്വദേശി താമസമേഖലകൾക്ക് പ്രാമുഖ്യം നൽകിയാണ് പട്ടിക തയാറാക്കിയത്. പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ഭൂരിഭാഗം പള്ളികളും ഇപ്പോഴും തുറന്നിട്ടില്ല. സ്വദേശി താമസമേഖലയിലെ പള്ളികളിൽ മാത്രമാവും പെരുന്നാൾ നമസ്കാരവും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
