ഇന്ത്യയടക്കം ഏഴ് രാജ്യത്തുനിന്ന് കുവൈത്തിലേക്ക് പ്രവേശന വിലക്ക്
text_fieldsഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നിവയാണ് രാജ്യങ്ങൾ
നേരിട്ട് വരാതെ മറ്റുരാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരാം
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കുവൈത്തിൽ താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ് പ്രവേശന വിലക്ക്.
ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുേമ്പാൾ ഇൗ രാജ്യങ്ങളിൽനിന്ന് ഒഴികെയുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് വരാൻ മന്ത്രിസഭ അനുമതി നൽകിയതായി ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ വ്യക്തമാക്കി. കുവൈത്ത് വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിൽ പോയി വിമാന സർവീസ് നിലച്ചതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവർ ആഗസ്റ്റിൽ വിമാന സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിൽ ചിലരുടെ കുടുംബം കുവൈത്തിലാണുള്ളത്. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് പോയി കുടുങ്ങിയവരാണിവർ. ഇനിയും തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ട ഭീഷണി നേരിടുന്ന നിരവധി പേരാണുള്ളത്. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈത്ത് വ്യോമയാന വകുപ്പ് ചർച്ച നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ വൈകാതെ പ്രശ്നം പരിഹരിച്ച് പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം, ഏഴുരാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത് പൗരത്വത്തിെൻറ അടിസ്ഥാനത്തിലല്ലെന്നും നേരിട്ട് കുവൈത്തിലേക്ക് വരാതെ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചതിന് ശേഷം വരുന്നതിന് തടസ്സമില്ലെന്നും വ്യോമയാന വകുപ്പ് വ്യക്തമാക്കി.
അങ്ങനെ വരുേമ്പാൾ അവരെന്ത് ചെയ്യും...
കുവൈത്തിൽ വരാനാവാതെ നാട്ടിൽ കുടുങ്ങിയവർക്ക് നിരാശ
കുവൈത്ത് സിറ്റി: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. കോവിഡ് പശ്ചാത്തലത്തിൽ സ്വീകരിച്ച താൽക്കാലിക നടപടിയെന്ന് ആശ്വസിക്കാമെങ്കിലും നിരവധി പേരെയാണ് ഇത് ബാധിക്കുന്നത്. അവധിക്ക് നാട്ടിൽ പോയി വിമാന സർവിസ് നിലച്ചതിനാൽ തിരിച്ചുവരാൻ കഴിയാതെ പതിനായിരങ്ങളാണ് കുടുങ്ങിയത്. പലരും ജോലി നഷ്ട ഭീഷണി നേരിടുന്നു. ആഗസ്റ്റിൽ വിമാന സർവിസ് ആരംഭിച്ചാൽ തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവർക്ക് പൂർണ നിരാശയാണ്. കുവൈത്ത് എയർവേസും ജസീറ എയർവേസും ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്ന് ബുക്കിങ് ആരംഭിച്ച് നിരവധി പേർ ടിക്കറ്റ് എടുക്കുകയും ചെയ്തു. നാട്ടിൽ കുടുങ്ങിയ പ്രവാസികൾ കടുത്ത മാനസിക സംഘർഷത്തിലാണ്. മാസങ്ങളായി ജോലിയും വരുമാനവും ഇല്ലാതെയും ഭാവി സംബന്ധിച്ച് ഒരു രൂപവും ഇല്ലാതെയും കടുത്ത നിരാശയിലാണ് ഇവർ.
നാട്ടിൽ കോവിഡ് വ്യാപിക്കുന്നതും കുവൈത്തിൽ സ്ഥിതി പതിയെ നിയന്ത്രണ വിധേയമാവുകയുമാണ്. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തെ ഹ്രസ്വകാല അവധിയിൽ പോയവർ മുതൽ പതിവ് വാർഷികാവധിക്ക് പോയവർ വരെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നു. ചിലരുടെ കുടുംബം ഇവിടെ കുടുങ്ങിക്കിടക്കുന്നു.
കഴിഞ്ഞ മാസങ്ങളിലെ അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തിൽ കുടുംബനാഥൻ കൂടെയില്ലാതെ അവർ കഴിച്ചുകൂട്ടിയത് ഏറെ പ്രയാസം സഹിച്ചാണ്. മാർച്ച് ഏഴിനാണ് കുവൈത്ത് ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസ് നിർത്തിയത്. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കാൻ ഒരാഴ്ചത്തേക്ക് നിർത്തുന്നു എന്നായിരുന്നു പ്രഖ്യാപനമെങ്കിലും കോവിഡ് പ്രതിസന്ധി മൂർച്ഛിച്ചതിനാൽ പിന്നീട് പുനഃസ്ഥാപിച്ചില്ല. ഇതിനിടക്ക് കുവൈത്തിൽനിന്ന് നാട്ടിലേക്ക് ചാർേട്ടഡ് വിമാന സർവിസുകൾ ആരംഭിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരെയും പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചു.
എന്നാൽ, നാട്ടിൽ കുടുങ്ങിയവർക്ക് ഇങ്ങോട്ടുവരാൻ വഴിയില്ല. ഏതാനും ദിവസം കൊണ്ട് ശരിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നവർ പ്രതിസന്ധി മാസങ്ങൾ നീണ്ടതോടെ പൂർണമായി നിരാശരായി. അതിനിടക്കാണ് ആശ്വാസ കിരണമായി ആഗസ്റ്റിൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നതായ പ്രഖ്യാപനം വന്നത്. അതിൽ പ്രതീക്ഷയർപ്പിച്ചിരിക്കെയാണ് വ്യാഴാഴ്ച പുലർച്ച പ്രവേശന വിലക്കിെൻറ വാർത്ത വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
