ഗൾഫ് കപ്പിന് നാളെ തുടക്കം കുവൈത്ത് ടീം ഇറാഖിലെത്തി
text_fieldsകുവൈത്ത് ഫുട്ബാൾ ടീം ഇറാഖിൽ
കുവൈത്ത് സിറ്റി: ബസ്രയിൽ നടക്കുന്ന 25ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി കുവൈത്ത് ദേശീയ ടീം ഇറാഖിലെത്തി. കുവൈത്ത് സംഘത്തെ ഇറാഖി ഫുട്ബാൾ അസോസിയേഷൻ അംഗം റഹീം ലഫ്താ സ്വീകരിച്ചു. ജനുവരി ആറു മുതൽ 19 വരെയാണ് ചാമ്പ്യൻഷിപ്. ടൂർണമെന്റിനായി ടീം സജ്ജമാണെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
ഖത്തർ, സൗദി, ഇറാഖ്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത്, യമൻ എന്നിവയാണ് ഗൾഫ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ. ഗ്രൂപ് ബിയിൽ ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നിവർ ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കുവൈത്ത്. ജനുവരി ഏഴിന് ഖത്തറുമായാണ് കുവൈത്തിന്റെ ആദ്യ മത്സരം. 10ന് യു.എ.ഇയുമായും 13ന് ബഹ്റൈനുമായും ഏറ്റുമുട്ടും.
ഗൾഫ് കപ്പിൽ 10 തവണ കിരീടം ചൂടിയ കുവൈത്ത് പുതുവർഷം കിരീടനേട്ടത്തോടെ ആഘോഷികാനുള്ള തയാറെടുപ്പിലാണ്. 1970, 1972, 1974, 1976, 1982, 1986, 1990, 1996, 1998, 2010 എന്നീ വർഷങ്ങളിലാണ് കുവൈത്തിന്റെ കിരീട നേട്ടങ്ങൾ.
എന്നാൽ, 2010 ലെ അവസാന കിരീടത്തിന് ശേഷം വലിയ മുന്നേറ്റം നടത്താനായിട്ടില്ല. 2013 ലെ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് അടുത്തിടെയുള്ള വലിയ നേട്ടം.
അതിനിടെ കഴിഞ്ഞ ആഴ്ച ഇറാഖുമായുള്ള സൗഹൃദ മത്സരത്തിനിറങ്ങിയ കുവൈത്ത് തോൽവി രുചിച്ചിരുന്നു.

