ലോകകപ്പ് കാണാൻ കുവൈത്ത് വിദ്യാർഥികൾ ഖത്തറിൽ
text_fieldsലോകകപ്പ് ഫുട്ബാൾ കാണാൻ ഖത്തറിലേക്ക് പുറപ്പെടുന്ന വിദ്യാർഥികളും അധ്യാപകരും
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ നേരിൽ കാണാനായി കുവൈത്തിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘം ഖത്തറിലെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക ക്ഷണപ്രകാരം ബലാത് അൽ ശുഹദാ സ്കൂളിലെ അംഗങ്ങൾ ലോകകപ്പ് വേദിയിലെത്തി. സ്കൂളിലെ 30 അധ്യാപകരും 100 വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് എത്തിയത്. പ്രത്യേക സൗകര്യങ്ങളോടെ ഇവർ സ്റ്റേഡിയത്തിലെത്തി കളി കാണും.
കുവൈത്തും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധത്തിന്റെ തുടർച്ചയായാണ് വിദ്യാർഥികളെ മത്സരം കാണാൻ ക്ഷണിച്ചതിനെ വിലയിരുത്തുന്നത്. ഖത്തറിന്റെ ക്ഷണത്തിൽ കുവൈത്ത് മന്ത്രിസഭ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നേരത്തേ നന്ദി അറിയിച്ചിരുന്നു.
കുവൈത്തും ഖത്തറും തമ്മിലുള്ള സാഹോദര്യബന്ധം സൂചിപ്പിക്കുന്നതാണ് ക്ഷണമെന്നും മന്ത്രിസഭ യോഗം ചൂണ്ടിക്കാട്ടി. ലോകകപ്പിന്റെ വിജയകരമായ നടത്തിപ്പിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ ഖത്തറിനെ അഭിനന്ദിച്ചിരുന്നു. കിരീടാവകാശി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

