സിറിയൻ അഭയാർഥികൾക്ക് സഹായവുമായി കുവൈത്ത് വിദ്യാർഥികൾ
text_fieldsജോർഡനിലെ കുവൈത്ത് വിദ്യാർഥികൾ സഹായ വിതരണത്തിൽ
കുവൈത്ത് സിറ്റി: റമദാനിൽ സന്നദ്ധ സഹായപ്രവർത്തനങ്ങളുമായി കുവൈത്തിലെ വിദ്യാർഥികളും. ജോർഡനിലെ സിറിയൻ അഭയാർഥികളെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് അവിടെയുള്ള കുവൈത്ത് വിദ്യാർഥികൾ. കുവൈത്ത്, ജോർഡനിയൻ ഹ്യൂമാനിറ്റേറിയൻ സൊസൈറ്റികളുടെ ഏകോപനത്തിൽ നടക്കുന്ന സഹായവിതരണത്തിൽ വിദ്യാർഥികൾ സജീവമാണ്. ജോർഡനിലെ കുവൈത്ത് എംബസിയുടെ മേൽനോട്ടത്തിൽ ‘കുവൈത്ത് ബൈ യുവർ സൈഡ്’ എന്ന പേരിലാണ് കാമ്പയിൻ.
മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ മറ്റുള്ളവരെ പിന്തുണക്കാനുള്ള തങ്ങളുടെ രാജ്യത്തിന്റെ താൽപര്യമാണ് വിദ്യാർഥികൾ പ്രതിഫലിപ്പിക്കുന്നതെന്ന് ജോർഡനിലെ കുവൈത്ത് എംബസിയിലെ ഷർഷെ ദഫേ ഡോ. മുബാറക് അൽ ഹജ്രി പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്നത് കുവൈത്തിന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥികളുടെ ദുരിതത്തിന് ആശ്വാസം നൽകുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് വിദ്യാർഥി കോഓഡിനേറ്റർ അബ്ദുൽ റസാഖ് അൽ ഖല്ലാഫ് പറഞ്ഞു. നമാ ചാരിറ്റബ്ൾ സൊസൈറ്റിയുമായും ജോർഡനിലെ കുവൈത്ത് എംബസിയുമായും ഏകോപിച്ചാണ് കാമ്പയിൻ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റമദാൻ മാസത്തിൽ ജോർഡനിലെ സിറിയൻ അഭയാർഥികൾക്ക് കൈത്താങ്ങ് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.

