ഗസ്സയിലേക്ക് സഹായം തുടരും; കുവൈത്ത് ചാരിറ്റി പ്രതിനിധികൾ റഫ അതിർത്തി സന്ദർശിച്ചു
text_fieldsകുവൈത്ത് ചാരിറ്റി പ്രതിനിധികൾ റഫ അതിർത്തിയിൽ
കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ പ്രതിനിധികൾ ഈജിപ്ഷ്യൻ നഗരമായ അൽ അരിഷും റഫ അതിർത്തിയും സന്ദർശിച്ചു.
യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവും കുവൈത്ത് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷന്റെ (ഐ.ഐ.സി.ഒ) ചെയർമാനുമായ ഡോ.അബ്ദുല്ല അൽ മാതൂഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഐ.ഐ.സി.ഒ, അൽ സലാം അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളാണ് ഉണ്ടായിരുന്നത്.
സഹായ വെയർഹൗസുകൾ, അൽ അരിഷ് ഹോസ്പിറ്റൽ, റഫ ബോർഡർ ക്രോസിങ് എന്നിവിടങ്ങളിൽ സംഘം പര്യടനം നടത്തി. 700 ടൺ വരെ ശേഷിയുള്ള കൂടാരങ്ങൾ, ഭക്ഷണസാധനങ്ങൾ, പുതപ്പുകൾ, സാധനസാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ 30 സഹായ ട്രക്കുകളുടെ ഗസ്സയിലേക്കുള്ള പ്രവേശനത്തിന് പ്രതിനിധി സംഘം മേൽനോട്ടം വഹിച്ചു.
കൂടുതൽ സഹായങ്ങൾ ട്രക്കുകളിൽ ഗസ്സയിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിലാണെന്ന് അൽ സലാം അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.നബീൽ അൽ ഔൻ പറഞ്ഞു. കുവൈത്ത് ദുരിതാശ്വാസ സഹായത്തിന്റെ 90 ശതമാനവും ഗസ്സയിൽ എത്തി. ശേഷിക്കുന്ന 10 ശതമാനത്തിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന റഫ്രിജറേറ്ററുകൾക്ക് പുറമേ വലിയ വലിപ്പത്തിലുള്ള ഇലക്ട്രിക് ജനറേറ്ററുകളും ഉൾപ്പെടുന്നു. ഇവ ഗസ്സയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും ഡോ. നബീൽ അൽ ഔൻ വ്യക്തമാക്കി. ഐ.ഐ.സി.ഒ, അൽസലാം അസോസിയേഷൻ എന്നിവ ഗസ്സയിൽ ആയിരം ടെന്റുകളുൾപ്പെടെ ഒരു കുടിയിറക്കപ്പെട്ട ക്യാമ്പ് നിർമ്മിച്ചിട്ടുണ്ട്. നാലെണ്ണം കൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

