പഞ്ചഗുസ്തിയിൽ സുവർണ താരമായി കുവൈത്ത് പ്രവാസിയുടെ മകൾ
text_fieldsവഫ സിറാജ്
കുവൈത്ത് സിറ്റി: പഞ്ചഗുസ്തിയിൽ കരുത്തിന്റെ പര്യായമായി കുവൈത്ത് പ്രവാസി സിറാജിന്റെ മകൾ വഫ സിറാജ്. തൃശൂർ കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി പ്ലസ്വൺ വിദ്യാർഥിയായ വഫ പഞ്ചഗുസ്തിയിൽ ഇതിനകം നേടിയത് നിരവധി മെഡലുകൾ.
പഞ്ചാബിലെ ലുധിയാനയിൽ നടന്ന 47ാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമെഡലുകളും ചാമ്പ്യൻ ഓഫ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയതാണ് അവസാന നേട്ടം. ജൂനിയർവിഭാഗത്തിൽ ലെഫ്റ്റ്, റൈറ്റ് ഹാൻഡ് പോരാട്ടത്തിൽ രണ്ട് സ്വർണമെഡലുകളും ചാമ്പ്യൻ ഓഫ് ചാമ്പ്യൻഷിപ്പും നേടി. യൂത്ത് വിഭാഗക്കാരുമായുള്ള മൽസരത്തിൽ വെള്ളിമെഡലും നേടി.
എട്ടാം ക്ലാസ് മുതൽ പഞ്ചഗുസ്തിയിൽ ശ്രദ്ധ നൽകുന്ന വഫ കഴിഞ്ഞ വർഷം ദേശീയ പഞ്ചഗുസ്തി ചാംമ്പ്യൻഷിപ്പിൽ ഒരു സ്വർണം നേടി കരുത്ത് തെളിയിച്ചിരുന്നു. കണ്ടശങ്കടവ് എജു ഫിറ്റിലെ കെ.എം.ഹരി, സൗമ്യ എന്നിവരുടെ കീഴിലാണ് പരിശീലനം. കുവൈത്ത് പ്രവാസിയായ എടവിലങ്ങ് കാര കാതിയാളം പാനൂക്കാരൻ മുഹമ്മദ് സിറാജിന്റെയും റുബീനയുടെയും മകളാണ് വഫ. മകളുടെ നേട്ടത്തിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് പിതാവ് മുഹമ്മദ് സിറാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

