വ്യാപാരവും നിക്ഷേപവും വർധിപ്പിക്കൽ; കുവൈത്ത്-ബ്രിട്ടീഷ് പ്രതിനിധികൾ ചർച്ച നടത്തി
text_fieldsകുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാമും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും
കുവൈത്ത് സിറ്റി: വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് കുവൈത്തും ബ്രിട്ടനും. കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാമും ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത്, വികസനകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഇത് സംബന്ധിച്ച് ചർച്ച നടത്തി. ഗൾഫ് സഹകരണ കൗൺസിലിന്റെ നിലവിലെ അധ്യക്ഷ പദവി വഹിക്കുന്ന കുവൈത്ത് ജി.സി.സിയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കാൻ ആഗ്രഹിക്കുന്നതായി അൽ ഫസ്സാം പറഞ്ഞു. ബ്രിട്ടനുമായുള്ള തന്ത്രപരമായ നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ താൽപര്യവും പ്രകടിപ്പിച്ചു.
ലണ്ടനിലെ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് ഓഫിസിന്റെ (കെ.ഐ.ഒ) പങ്കിലൂടെ ബ്രിട്ടനുമായുള്ള നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അതോറിറ്റി ശ്രദ്ധാലുവാണെന്ന് യോഗത്തിൽ പങ്കെടുത്ത കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെ.ഐ.എ) മാനേജിങ് ഡയറക്ടർ ശൈഖ് സൗദ് സാലിം അബ്ദുൽ അസീസ് അസ്സബാഹ് പറഞ്ഞു. കുവൈത്തിന്റെ വികസന ദർശനം സാക്ഷാത്കരിക്കുന്നതിനും വൻ പദ്ധതികൾ നടപ്പിലാക്കുന്നതിനും സംഭാവന നൽകാൻ യു.കെ നിക്ഷേപകർ തയാറാണെന്ന് ഡേവിഡ് ലാമി ചൂണ്ടിക്കാട്ടി.
കുവൈത്ത് ധനകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി അസീൽ അൽ മനീഫി, ബ്രിട്ടനിലെ കുവൈത്ത് അംബാസഡർ ബദർ അൽ മുനായഖ്, കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

