സാഫ് കപ്പ്: സെമിയിൽ പ്രതീക്ഷയോടെ കുവൈത്ത്
text_fieldsസാഫ് കപ്പിൽ കുവൈത്ത്-പാകിസ്താൻ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ രണ്ടാം മത്സരത്തിലും ആവേശ ജയവുമായി സെമിഫൈനലിൽ ഇടംനേടിയ കുവൈത്ത് ഫൈനൽ പ്രതീക്ഷയിൽ.ഇന്ത്യയിലെ ബംഗളൂരുവിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇതുവരെ മികവാർന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ശനിയാഴ്ച ഗ്രൂപ് എ യിലെ മൂന്നാം മത്സരത്തിൽ ആദ്യവസാനം കളംനിറഞ്ഞ കുവൈത്ത് ടീം പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മുക്കിയത്. മുബാറക് അൽഫനീനി ഇരട്ട ഗോളും (17, 45+1 മിനിറ്റ്) ഹസൻ അലനെസി, ഈദ് അൽറാഷിദി എന്നിവർ ഓരോ ഗോളും നേടി ടീമിനെ വൻ വിജയത്തിലേക്ക് നയിച്ചു.
ഗ്രൂപ് എയിലെ ഉദ്ഘാടന മത്സരത്തിൽ കുവൈത്ത് ടീം നേപ്പാളിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടു ജയത്തോടെ നാലു ടീമുകളുള്ള ഗ്രൂപ് എ യിൽനിന്ന് കുവൈത്ത് സെമിഫൈനൽ യോഗ്യതനേടി. അവസാന ഗ്രൂപ് മത്സരത്തിൽ ചൊവ്വാഴ്ച കുവൈത്ത് ഇന്ത്യയെ നേരിടും. ഇന്ത്യയും സെമി യോഗ്യത നേടിയതിനാൽ ഗ്രൂപ് ചാമ്പ്യൻമാരെ നിർണയിക്കുന്നതാകും ഈ മത്സരം.
ഗ്രൂപ് ബി യിൽനിന്ന് സെമി യോഗ്യത നേടിയ ലബനാൻ, മാലദ്വീപ് ടീമുകളിൽ ഒന്നിനെയാകും കുവൈത്തിന് നേരിടേണ്ടിവരുക. ഏതു ടീം എതിരായാലും മികച്ച പ്രകടനം തുടർന്ന് ഫൈനലിൽ എത്താണ് കുവൈത്തിന്റെ ശ്രമം. ആദ്യമായാണ് സാഫ് കപ്പിൽ കുവൈത്ത് പങ്കാളികളാകുന്നത്. ലബനാനും ആദ്യ ചാമ്പ്യൻഷിപ്പാണിത്.
ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, കുവൈത്ത്, ലബനാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ എന്നിങ്ങനെ എട്ടു ടീമുകളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ഗ്രൂപ് എയിൽനിന്ന് ഇന്ത്യ, കുവൈത്ത് ഗ്രൂപ് ബിയിൽനിന്ന് ലബനാൻ, മാലദ്വീപ് എന്നീ രാജ്യങ്ങൾ സെമിഫൈനൽ യോഗ്യത നേടി. ജൂലൈ ഒന്നിന് സെമിഫൈനലും നാലിന് ഫൈനലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

