വരാന്‍ മടിച്ച് തണുപ്പ്; ശീതകാല വിപണി മരവിപ്പില്‍
text_fieldsകുവൈത്ത് സിറ്റി: കണക്കുപ്രകാരം ശീതകാലത്തിന് തുടക്കമായെങ്കിലും തണുപ്പ് വരാന്‍ മടിച്ചുനില്‍ക്കുന്ന അനുഭവമാണ് കുവൈത്തുള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഇത്തവണ. നവംബര്‍ ആദ്യ പത്ത് പിന്നിട്ടിട്ടും മുന്‍കാലങ്ങളെപ്പോലെ എയര്‍കണ്ടീഷനുകള്‍ ഉപയോഗിക്കേണ്ടതില്ലാത്ത തരത്തിലുള്ള തണുപ്പിലേക്ക് രാജ്യത്തെ കാലാവസ്ഥ വഴിമാറിയിട്ടില്ല.
ഈയിടെ പെയ്ത മഴ തണുപ്പിന്‍െറ വരവ് അറിയിച്ചുകൊണ്ടുള്ളതാണെന്ന് കാലാവസ്ഥാ പ്രവചകര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും മഴക്കുശേഷം രണ്ടുമൂന്നു നാളുകളില്‍ മാത്രമാണ് നേരിയ തണുപ്പ് അനുഭവപ്പെട്ടത്. പരമ്പരാഗതമായി നവംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയാണ് മേഖലയിലെ ശൈത്യകാലമായി കണക്കാക്കിവരുന്നത്.ഒളിച്ചുകളിക്കുന്ന തണുപ്പ് എന്ന് ശക്തമാവും എന്നറിയാതെ ശീതകാല കച്ചവടക്കാരും ബന്ധപ്പെട്ടവരും പ്രതിസന്ധിയിലാണ്. കാലാവസ്ഥാ മാറ്റത്തിന് അനുയോജ്യമായ തരത്തിലാണ് രാജ്യത്തെ സ്വദേശി സമൂഹത്തിന്‍െറ വസ്ത്രധാരണ രീതി.
ചൂട് കാലങ്ങളില്‍ വെളുപ്പ് നിറത്തിലുള്ള ജിസ്താശകള്‍ അണിയുന്നവര്‍ ശീതകാലത്ത് തണുപ്പിനെ പ്രതിരോധിക്കുന്ന കറുപ്പും ഇരുണ്ടതുമായ നിറങ്ങളിലേക്ക് തിരിയുന്നതാണ് പതിവ്. അതോടൊപ്പം, സ്വദേശി വിദേശി വ്യത്യാസമില്ലാതെ തണുപ്പിനെ പ്രതിരോധിക്കുന്നതിന് ജാക്കറ്റും ഇറുകിയ ഉള്‍വസ്ത്രങ്ങളും അനിവാര്യമാക്കുന്ന കാലംകൂടിയാണ് ശൈത്യം.
സാധാരണഗതിയില്‍ വിന്‍റര്‍ സീസണ്‍ കച്ചവടം പൊടിപൊടിച്ചുതുടങ്ങുന്ന സമയമായിട്ടും തണുപ്പ് അടുക്കാത്തതിനാല്‍ ഇത്തരം സാധനങ്ങളുടെ കച്ചവടക്കാരും തയ്യല്‍ക്കാരും നിരാശയിലാണ്. സാധാരണ ഈ സമയത്ത് ശൈത്യകാലത്തെ ഇരുണ്ട വസ്ത്രങ്ങള്‍ തയ്ക്കാന്‍ സ്വദേശികളുടെ തിരക്കാണെങ്കില്‍ ഇത്തവണ അത് ഇനിയും തുടങ്ങിയിട്ടില്ല. കടകളിലും മാളുകളിലും ഉഷ്ണകാല വസ്ത്രങ്ങള്‍ പിന്‍വലിച്ച് ശൈത്യകാല വസ്ത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും തണുപ്പ് മടിച്ചുനില്‍ക്കുന്നതിനാല്‍ ഇതുവരെ വിപണിയില്‍ തിരക്ക് കൂടിയിട്ടില്ല.
വൈകാതെ തണുപ്പ് കൂടുകയും കച്ചവടം ചൂടുപിടിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍തന്നെയാണ് കച്ചവടക്കാര്‍. നവംബര്‍ ഒന്നുമുതല്‍ തന്നെ രാജ്യത്തെ പൊലീസുകാര്‍ ശൈത്യകാല യൂനിഫോമിലേക്ക് മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
