കുവൈത്ത്: ശൈത്യകാലം അവസാന സീസണിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലത്തിന്റെ അവസാന സീസൺ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ കൂടിയ തണുപ്പ് അനുഭവപ്പെടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ സീസൺ ശൈത്യകാലത്തിനും വസന്തത്തിനും ഇടയിലുള്ള പരിവർത്തന കാലഘട്ടമായിരിക്കുമെന്നും കേന്ദ്രം പറഞ്ഞു. സീസണിന്റെ അവസാനത്തിൽ താപനില തണുപ്പിനും താരതമ്യേന ചൂടിനും ഇടയിലായിരിക്കുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.
അതേസമയം, ശൈത്യകാലം അവസാനത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്ത് തീവ്രമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് ഈ വർഷം ശീതകാലം കടന്നുപോകുന്നത് ഉയർന്ന താപനിലയിലൂടെയാണ്. കഴിഞ്ഞ ആറ് വർഷമായി ഇതേ കാലയളവിൽ രേഖപ്പെടുത്തിയ താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏറ്റവും ഉയർന്ന താപനിലയാണ്.
ഡിസംബർ- ജനുവരി മാസത്തെ ശരാശരി താപനില നിലവിലെ ശൈത്യകാലത്ത് തണുപ്പിന്റെ ശതമാനം കുറവാണെന്ന് സൂചിപ്പിക്കുന്നു. ഈ വർഷം ഈ സമയത്ത് രേഖപ്പെടുത്തിയ താപനില 17.16 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇത് 14.81 ഡിഗ്രി സെൽഷ്യസിനും 15.39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ഈ വർഷം ഏകദേശം 1.77 ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായി.
ആഗോള താപനം, കാലാവസ്ഥ വ്യതിയാനങ്ങൾ, പസഫിക് സമുദ്രത്തിലെ ഉയരുന്ന താപനില എന്നിവയുമായി കുവൈത്തിലെ കാലാവസ്ഥയും ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ മാറ്റമെന്നാണ് സൂചന. മുൻ വർഷങ്ങൾക്കു സമാനമായി മഴയും ഇത്തവണ കുവൈത്തിൽ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

