ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ഇനത്തിൽ രണ്ടു സ്വർണവും രണ്ട് വെങ്കലവുമടക്കം കുവൈത്തിന് നാല് മെഡലുകൾ
text_fieldsകുവൈത്ത് താരങ്ങൾ മെഡലുമായി
കുവൈത്ത് സിറ്റി: ജപ്പാനിൽ നടക്കുന്ന ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് വീണ്ടും സ്വർണ നേട്ടം. ട്രാപ്പ് ഇനങ്ങളിൽ, കുവൈത്ത് ഷൂട്ടിംഗ് ടീം ചൊവ്വാഴ്ച രണ്ട് സ്വർണ്ണവും രണ്ട് വെങ്കലവുമടക്കം നാല് മെഡലുകൾ നേടി. പുരുഷന്മാരുടെ ടീം ട്രാപ്പ് ഇനത്തിൽ കുവൈത്തിന്റെ തലാൽ അൽ റാഷിദി, ഖാലിദ് അൽ മുദാഫ്, അബ്ദുൽ റഹ്മാൻ അൽ ഫെയ്ഹാൻ എന്നിവർ സ്വർണം നേടി. വനിതാ ടീം ഇനത്തിൽ ഹജർ അൽ മാലിക്, ഷഹദ് അൽ ഹവാൽ, സാറ അൽ ഹവാൽ എന്നിവർ വെങ്കലവും സ്വന്തമാക്കി.
വ്യക്തിഗത ട്രാപ്പ് ഇനങ്ങളിൽ, പുരുഷ വിഭാഗത്തിൽ അൽ മുദാഫ് സ്വർണ്ണമെഡൽ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ അൽ മാലിക് വെങ്കലം സ്വന്തമാക്കി. ഇതോടെ ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ആകെ മെഡൽ നേട്ടം ഒമ്പതായി ഉയർന്നു. ഇതിൽ നാല് സ്വർണ്ണവും ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടുന്നു.
നേരത്തെ ടീം കാറ്റ ഇനത്തിൽ മുഹമ്മദ് അൽ മൗസവി, സൽമാൻ അൽ മൗസവി, മുഹമ്മദ് ഹുസൈൻ എന്നിവരടങ്ങുന്ന കുവൈത്ത് കരാട്ടെ ടീം സ്വർണ മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ 60 കിലോഗ്രാം കുമിതെ വിഭാഗത്തിൽ കുവൈത്ത് കരാട്ടെ താരം അബ്ദുല്ല ഷാബാനും സ്വർണ്ണ മെഡൽ നേടി.
സ്‌കീറ്റ് ഷൂട്ടിംഗിൽ അബ്ദുള്ള അൽ റാഷിദി, മുഹമ്മദ് അൽ ദൈഹാനി, മുഹമ്മദ് അൽ വാദ് എന്നിവരടങ്ങുന്ന ടീം വെള്ളി മെഡൽ സ്വന്തമാക്കി. ടെക്ബാൾ പുരുഷ ഡബിൾസ് വിഭാഗത്തിലും പുരുഷന്മാരുടെ വ്യക്തിഗത കാറ്റ കരാട്ടെ ഇനത്തിലും വെങ്കലവും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

