കുവൈത്ത് ആരോഗ്യമേഖലയിൽ റോബോട്ടിക് സർജറി സേവനങ്ങൾ വികസിപ്പിക്കും
text_fieldsറോബോട്ടിക് സർജറി കോൺഫറൻസ് ഉദ്ഘാടന ശേഷം ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി മെഷീനുകൾ പരിശോധിക്കുന്നു
കുവൈത്ത് സിറ്റി: റോബോട്ടിക് സർജറി മേഖലയിലെ മെഡിക്കൽ സേവനങ്ങൾ വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. ആരോഗ്യ മേഖലയിൽ ഗുണനിലവാരം ഉയർത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും പാർശ്വഫലങ്ങൾ കുറക്കുന്നതിനും ഇതു സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശാസ്ത്രീയ പുരോഗതി, വൈദഗ്ധ്യം പങ്കിടൽ, വിവരങ്ങൾ വികസിപ്പിക്കൽ, മെഡിക്കൽ സംവിധാനം നവീകരിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള റോബോട്ടിക് സർജറിയുടെ ആദ്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആരോഗ്യ മന്ത്രാലയം ഇതിനകം 800 റോബോട്ടിക് സർജറികൾ നടത്തി. അതിൽ 300 എണ്ണം കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയവും വിജ്ഞാനപരവുമായ വികസനം തുടരേണ്ടതിന്റെ ആവശ്യകത ഉണർത്തിയ മന്ത്രി കോൺഫറൻസ് സംഘാടകരെ അഭിനന്ദിച്ചു. ലോകത്തെ മൈക്രോ സർജറിയുടെ ഭാവിയാണ് സർജിക്കൽ റോബോട്ടെന്ന് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ മസീദി പറഞ്ഞു.
ശസ്ത്രക്രിയാ വിദഗ്ധരെ ഏകോപിപ്പിക്കുക, വൈദഗ്ധ്യം പങ്കിടുക, വിവരങ്ങൾ കൈമാറ്റം ചെയ്യുക, കൂടുതൽ റോബോട്ടിക് സർജറികൾ നടത്താനുള്ള ശ്രമങ്ങൾ ഏകീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോൺഫറൻസ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

