യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾക്കും ജോർഡനുമെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിക്കുന്ന യു.എൻ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി) പ്രമേയം കുവൈത്ത് സ്വാഗതം ചെയ്തു. രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും തത്വങ്ങളെ പ്രമേയം ശക്തിപ്പെടുത്തുന്നുവെന്നും സിവിലിയന്മാരെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതിനെ വ്യക്തമായി നിരസിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഈ പ്രമേയം അംഗീകരിച്ചത് പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവപ്പാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. സംഘർഷങ്ങൾ കുറയ്ക്കുന്നതിനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഏകീകരിക്കുന്നതിനുമുള്ള പ്രമേയത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
സുരക്ഷാ കൗൺസിലിനുള്ളിൽ നടത്തിയ നയതന്ത്ര ശ്രമങ്ങൾക്ക് കുവൈത്ത് അഗാധമായ നന്ദി പ്രകടിപ്പിച്ചു. ജി.സി.സിയുടെയും ജോർഡന്റെയും പേരിൽ കരട് സമർപ്പിച്ചതിന് ബഹ്‌റൈനെ പ്രത്യേകം പ്രശംസിച്ചു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനും അന്താരാഷ്ട്ര നിയമത്തിനും കീഴിലുള്ള കൗൺസിലിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രമേയത്തെ പിന്താങ്ങിയ യു.എൻ അംഗരാജ്യങ്ങളോടും കുവൈത്ത് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

