ഖത്തർ-ബഹ്റൈൻ നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഖത്തറും ബഹ്റൈനും തമ്മിലെ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനെ കുവൈത്ത് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളിലും എംബസികൾ വീണ്ടും തുറക്കുന്നതടക്കമുള്ള തീരുമാനത്തിന് കുവൈത്ത് ആശംസകൾ നേരുന്നതായും വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ (ജി.സി.സി) ഐക്യത്തിന് ഖത്തർ-ബഹ്റൈൻ നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ വലിയ സംഭാവന ചെയ്യുമെന്ന് കുവൈത്ത് വിലയിരുത്തി.
ബുധനാഴ്ച റിയാദിലെ ജി.സി.സി കൗൺസിൽ ആസ്ഥാനത്ത് ഖത്തർ-ബഹ്റൈൻ വിദേശകാര്യമന്ത്രാലയം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് 2017 ഗൾഫ് ഉപരോധത്തോടെ നിലച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
2017ൽ യു.എ.ഇ, ബഹ്റൈൻ, സൗദി, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് നയതന്ത്ര ബന്ധങ്ങൾ മുറിഞ്ഞത്. എന്നാൽ, 2021 ജനുവരിയിലെ അൽ ഉല ഉച്ചകോടിക്ക് പിന്നാലെ മറ്റു മൂന്നു രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു. സൗദിയും, ഈജിപ്തും ഖത്തറിൽ എംബസിയും ആരംഭിച്ചു. ഇതിനിടയിലും, ബഹ്റൈനും ഖത്തറും തമ്മിലെ അഭിപ്രായ ഭിന്നതകൾ തുടരുകയായിരുന്നു. ഇതാണ് ജി.സി.സി ആസ്ഥാനത്ത് ചേർന്ന ഫോളോഅപ്പ് കമ്മിറ്റിയുടെ രണ്ടാം ഘട്ട യോഗത്തിനു പിന്നാലെ പരിഹരിക്കപ്പെട്ടത്. ഇറാൻ-സൗദി നയതന്ത്രബന്ധം പുനഃസ്ഥാപിക്കലിന് ശേഷം മേഖലയിലെ സുപ്രധാന നീക്കമായി ഖത്തർ-ബഹ്റൈൻ തീരുമാനത്തെ വിലയിരുത്തപ്പെടുന്നു.

