ഇന്നും മഴക്ക് സാധ്യത; ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ തെളിയും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷം തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ വിവിധ ഇടങ്ങളിൽ മഴ എത്തി. പകൽ മുഴുവൻ നേരിയ നിലയിൽ പെയ്ത മഴ രാത്രിയും തുടർന്നു.
വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെ വരെയും മഴ തുടരുമെന്നും തെക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കൂടുതൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധേരാർ അൽ അലി വ്യക്തമാക്കി.
കാറ്റ് ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾക്കും ദൃശ്യപരത കുറയുന്നതിനും കാരണമാകും. ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ തെളിഞ്ഞു തുടങ്ങും. വ്യാഴാഴ്ച പകൽ നേരിയ മഴയും ആകാശം മേഘാവൃതവുമായിരുന്നു. തെക്കുകിഴക്കൻ കാറ്റിനൊപ്പം ഇടവിട്ട് മഴയെത്തി. ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ചയും കാലാവസ്ഥ ഏതാണ്ട് സമാനമായിരിക്കും. താപനില 21-12 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.ശനിയാഴ്ച ഉച്ചയോടെ കാലാവസഥ മെച്ചപ്പെടും. ശനിയാഴ്ച പകൽ സമയത്ത് ചൂട് 24-22 ഡിഗ്രിയിലേക്ക് ഉയരും.
എന്നാൽ രാത്രിയിൽ 11 ഡിഗ്രിയിലേക്ക് താഴും. ഇതിനാൽ പകൽ മിതമായ കാലാവസഥയും രാത്രി തണുപ്പ് നിറഞ്ഞതുമാകും.
ചൊവ്വാഴ്ച രാവിലെ മുതൽ രാജ്യത്ത് കാലാവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്. ചൊവ്വാഴ്ച മിക്കയിടത്തും നേരിയ മഴ എത്തിയിരുന്നു. അസ്ഥിരകാലവാസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് അധികൃതർ ഉണർത്തി.
കാലാവസ്ഥാ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങൾ വഴി പിന്തുടരണം. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

