കുവൈത്തിൽ മൂടൽമഞ്ഞും അസ്ഥിര കാലാവസ്ഥയും തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത മൂടൽമഞ്ഞും അസ്ഥിരമായ കാലാവസ്ഥയും തുടരുന്നു. ശനിയാഴ്ചക്കു പിറകെ ഞായറാഴ്ചയും ഭൂരിഭാഗം ഇടങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞത് വാഹനഗതാഗതത്തെയും കപ്പൽനീക്കത്തെയും സാരമായി ബാധിച്ചു. ഇതിനെ തുടർന്ന് അൽ ശുവൈഖ്, അൽ ശുഐബ തുറമുഖങ്ങളിൽനിന്നുള്ള കപ്പൽനീക്കം ഞായറാഴ്ച താൽക്കാലികമായി നിർത്തിവെച്ചു. രാവിലെ എട്ടു മണി മുതൽ കപ്പലുകളുടെ നീക്കം നിർത്തവെച്ചതായി കുവൈത്ത് തുറമുഖ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഉദ്യോഗസ്ഥരുടെയും ഹാർബറുകളിലെ സൗകര്യങ്ങളുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും തുറമുഖ അതോറിറ്റി വ്യക്തമാക്കി. ശനിയാഴ്ച മുതൽ രാജ്യത്ത് മൂടൽമഞ്ഞും നനഞ്ഞ കാലാവസ്ഥയുംകൊണ്ട് ദൃശ്യപരത വളരെ കുറവാണ്. മൂടൽമഞ്ഞും തിരശ്ചീന ദൃശ്യപരതക്കുറവും കാരണം ഞായറാഴ്ച രാവിലെ അൽ വഫ്ര റോഡിൽ ഗതാഗതം നിലച്ചു.
അതേസമയം, തിങ്കളാഴ്ച പുലർച്ചെ വരെ രാത്രിയിൽ കനത്ത മൂടൽമഞ്ഞിനൊപ്പം കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മിതമായ ഈർപ്പമുള്ള കാറ്റിനൊപ്പം കനത്ത മഞ്ഞും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഉന്നത ഉദ്യോഗസ്ഥ അമീറ അൽ അസ്മി പറഞ്ഞു. നിലവിൽ തിരശ്ചീന ദൃശ്യപരത 1000 മീറ്ററിൽ കുറവായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ചില പ്രദേശങ്ങളിൽ ഇത് കുറയാനിടയുണ്ട്. ബുധനാഴ്ച രാത്രിയോടെ ദൃശ്യപരത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ താപനില 7-10 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17-20 ഡിഗ്രിയും ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

