15 ട്രക്ക് ലോഡ് ശുദ്ധജലം; ഗസ്സക്ക് ശുദ്ധജലവുമായി കുവൈത്ത് വാട്ടറിങ് സൊസൈറ്റി
text_fieldsഗസ്സയിലേക്ക് ശുദ്ധജലം എത്തിക്കാൻ തയാറായ ട്രക്കുകൾ
കുവൈത്ത് സിറ്റി: ഗസ്സയിലെ ആരോഗ്യമേഖലയെ പിന്തുണക്കുന്നതിനായി 15 ട്രക്ക് ലോഡ് ശുദ്ധജലം വിതരണത്തിന് എത്തിക്കാൻ കുവൈത്ത് വാട്ടറിങ് സൊസൈറ്റി (കെ.ഡബ്ല്യു.എസ്). കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെയും കുവൈത്ത് ചാരിറ്റബിൾ സംഘടനകളുടെയും സഹകരണത്തോടെയാണ് ട്രക്കുകൾ അയച്ചത്. ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ചാണ് നടപടി.
15 ട്രക്കുകളിലായി 800,000ത്തിലധികം കുപ്പിവെള്ളം ഉൾകൊള്ളുന്നുണ്ട്. കുവൈത്തിൽനിന്ന് ഈജിപ്തിലെ അൽ അരിഷിൽ എത്തിക്കുന്ന ഇവ തുടർന്ന് ഗസ്സയിൽ എത്തിക്കും.
‘സോഖിയ ഗസ്സ’ എന്ന പേരിലുള്ള ഈ പദ്ധതി കുവൈത്തിന്റെ ഈ രംഗത്തെ മാനുഷികശ്രമത്തിന്റെ തുടക്കമാണെന്ന് കെ.ഡബ്ല്യു.എസ് ചെയർമാൻ ഡോ. നജീബ് അൽ ഉസ്മാൻ പറഞ്ഞു. വെള്ളം മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനമാണ്. കഠിനമായ സാഹചര്യങ്ങളിൽ ഫലസ്തീനികൾക്ക് ശുദ്ധജലം നൽകുന്നത് കേവലം സഹായം മാത്രമല്ല, ക്ഷാമവും അടിയന്തര ആവശ്യവും നേരിടുന്ന ആളുകൾക്ക് ഒരു ജീവിതമാർഗമാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതപ്രദേശങ്ങളിലേക്ക് കൂടുതൽ വെള്ളം എത്തിക്കൽ, കിണർ കുഴിക്കൽ എന്നിവ ഉൾപ്പെടെ ഗസ്സയിൽ ജലവുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികൾ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായി ഇവയുടെ വിതരണം ഉറപ്പാക്കുന്നതിന് ഫീൽഡ് ടീം മേൽനോട്ടം വഹിക്കും. മാനുഷിക സഹായം ലക്ഷ്യമിട്ടുള്ള എല്ലാ ജീവകാരുണ്യസംരംഭങ്ങളെയും കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം പിന്തുണക്കുന്നതായി ആക്ടിങ് ഡയറക്ടർ അബ്ദുഇ മുഹ്സിൻ അൽ മെഖയ്യാൽ പറഞ്ഞു. ഗസ്സക്ക് പിന്തുണ നൽകുന്നതിലുള്ള താൽപര്യം വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിലെ മോണിറ്ററിങ്, കൺട്രോൾ, സൂപ്പർവിഷൻ സെന്ററുകൾക്കായുള്ള ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഫാത്തിമ ഹയാത്തും വ്യക്തമാക്കി.
മാനുഷികപ്രവർത്തനം സർക്കാർ സ്ഥാപനങ്ങൾ, ചാരിറ്റികൾ, സിവിൽ സമൂഹം എന്നിവയുടെ ഉത്തരവാദിത്തമാണെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

