‘കുവൈത്ത് വിസ’ പോർട്ടൽ ആരംഭിച്ചു; കുവൈത്ത് സന്ദർശന വിസ അപേക്ഷ ഇനി ലളിതം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനുള്ള വിസ അപേക്ഷകൾ ഇനി എളുപ്പത്തിൽ സമർപ്പിക്കാം. ഇതിനായി ‘കുവൈത്ത് വിസ’ പോർട്ടൽ സജീവമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് ഇനി ഇതു വഴി അപേക്ഷിക്കാം. അപേക്ഷാനില ട്രാക്ക് ചെയ്യാനും വിസ വിവരങ്ങൾ പരിശോധിക്കാനും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ നേടാനും പോർട്ടൽ വഴി സാധിക്കും.
ഒരോ വിസകൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണെന്നതിനാൽ അപേക്ഷകർ കുവൈത്ത് വിസ നയം കൃത്യമായി പരിശോധിച്ചശേഷം അതത് രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമപരമായ ചട്ടങ്ങളും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേസ് പുറപ്പെടുവിച്ച നിബന്ധനകളും പാലിച്ചായിരിക്കണം അപേക്ഷകൾ.
എല്ലാ സന്ദർശന വിസകളും സുരക്ഷാ പരിശോധനക്ക് വിധേയമാണെന്നും സന്ദർശകനിൽനിന്നും സ്പോൺസറിൽനിന്നുമുള്ള ആവശ്യമായ എല്ലാ അനുബന്ധ രേഖകളും സമർപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
വിവിധ വിസകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് വിസ നയം പരിശോധിക്കുക
അപേക്ഷകരുടെ പാസ്പോർട്ടിന് കുറഞ്ഞത് ആറു മാസമെങ്കിലും സാധുത വേണം
എല്ലാ രാജ്യക്കാർക്കും ഓൺലൈൻ വിസക്ക് അർഹതയില്ല
വിസയുടെ ഇനം, സമർപ്പിക്കുന്ന രേഖകൾ എന്നിവക്ക് അനുസരിച്ച് പ്രോസസിങ് സമയം വ്യത്യാസപ്പെടാം
വിസ വ്യവസ്ഥകളുടെ ലംഘനം, താമസ കാലയളവ് കഴിഞ്ഞിട്ടും തിരികെ പോകാതിരിക്കുക, സന്ദർശന വിസയിലെത്തി മറ്റു ജോലികൾ ചെയ്യുക എന്നിവ ഉണ്ടായാൽ നിയമ നടപടികൾ നേരിടേണ്ടിവരും.
ടൂറിസ്റ്റ് വിസ
വിനോദസഞ്ചാരത്തിനും ആവശ്യങ്ങൾക്കുമായി കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ടൂറിസ്റ്റ് വിസ ലഭിക്കും. പ്രവേശന തീയതി മുതൽ മൂന്ന് മാസം വരെയാണ് കാലാവധി.
വാണിജ്യ സന്ദർശന വിസ
മീറ്റിങ്ങുകൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കുക, പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുക തുടങ്ങിയ ബിസിനസ് ആവശ്യങ്ങൾക്കായി കുവൈത്തിലേക്ക് വരുന്ന വ്യക്തികൾക്ക് വാണിജ്യ സന്ദർശന വിസക്ക് അപേക്ഷിക്കാം.
ബിസിനസ് സ്ഥാപനങ്ങൾ, കമ്പനികൾ, ഹോട്ടലുകൾ തുടങ്ങിയവ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. പ്രവേശന തീയതി മുതൽ ഒരു മാസം വരെയാണ് വിസ കാലാവധി.
കുടുംബ സന്ദർശന വിസ
കുവൈത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ് ഈ സന്ദർശന വിസ നൽകുന്നത്.
കുവൈത്തിൽ താമസിക്കുന്ന കുടുംബാംഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത്തരം സന്ദർശകർക്ക് ഒരു മാസം കുവൈത്തിൽ തങ്ങാം.
സർക്കാർ സന്ദർശന വിസ
അന്താരാഷ്ട്ര സമ്മേളനങ്ങളിലോ, ഉഭയകക്ഷി യോഗങ്ങളിലോ പങ്കെടുക്കുന്നത് പോലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി കുവൈത്ത് സന്ദർശിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഈ വിസ നൽകുന്നത്. ആതിഥേയത്വം വഹിക്കുന്ന സർക്കാർ ഏജൻസിയുടെ ഔദ്യോഗിക ക്ഷണത്തിന്റെ അടിസ്ഥാനത്തിലും നിർദിഷ്ട നയതന്ത്ര പ്രോട്ടോക്കോളുകൾക്ക് വിധേയമായിട്ടുമാകണം ഇത്. പ്രവേശന തീയതി മുതൽ ഒരു മാസം വരെയാണ് കാലാവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

