സംയുക്ത അറബ് സൈനിക പരിശീലനം നവീകരിക്കണമെന്ന് കുവൈത്ത് ഉദ്യോഗസ്ഥൻ
text_fieldsഫഹദ് അൽ തുറൈജി
കുവൈത്ത് സിറ്റി: സംയുക്ത അറബ് സൈനിക പരിശീലനം നവീകരിക്കണമെന്ന് കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ. മേഖലയിലെ സുരക്ഷ സംഭവവികാസങ്ങൾ, അറബ് സൈന്യങ്ങൾക്കിടയിൽ തയാറെടുപ്പും പോരാട്ടശേഷിയും വർധിപ്പിക്കുന്നതിന്റെ ആവശ്യകത തെളിയിക്കുന്നതാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കുവൈത്ത് സൈനിക വിദ്യാഭ്യാസ അതോറിറ്റി മേധാവി മേജർ ജനറൽ ഫഹദ് അൽ തുറൈജി പറഞ്ഞു.
ഈജിപ്തിൽ അറബ് ലീഗ് സെക്രട്ടേറിയറ്റിൽ നടക്കുന്ന അറബ് രാജ്യങ്ങളിലെ സൈനിക പരിശീലന അതോറിറ്റി മേധാവികളുടെ 26ാമത് സിമ്പോസിയത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത അറബ് പരിശീലനം ഏകീകൃത തന്ത്രത്തോടെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള രീതികളെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിന് മേധാവികൾ അംഗീകാരം നൽകുമെന്നും ഫഹദ് അൽ തുറൈജി പറഞ്ഞു.
സിമ്പോസിയത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത് അൽ തുറൈജിയാണ്. പഠനത്തിന് അംഗീകാരം ലഭിച്ചാൽ സൈനിക പരിശീലനങ്ങളിലും അഭ്യാസങ്ങളിലും പൊതു പരിശീലന രീതികൾ ഏകീകരിക്കുന്ന ഉള്ളടക്കം നടപ്പാക്കും.
എല്ലാ അറബ് സൈന്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയും ഭാവിയിൽ പൊതുവായ സൈനിക പ്രവർത്തനങ്ങൾ നടപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിലും മിലിട്ടറി അഡ്മിനിസ്ട്രേഷനും അറബ് പരിശീലന അധികാരികളുടെ തലവന്മാർക്ക് സമഗ്രമായ പഠനങ്ങൾ തയാറാക്കുന്നതിനായി വാർഷിക സിമ്പോസിയങ്ങൾ സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

