പരസ്പര സഹകരണം വർധിപ്പിക്കാൻ കുവൈത്ത്-ബ്രിട്ടൻ ധാരണ
text_fieldsകുവൈത്ത്-ബ്രിട്ടീഷ് ജോയന്റ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ 19ാമത് സെഷൻ
കുവൈത്ത് സിറ്റി: കുവൈത്ത്-ബ്രിട്ടീഷ് ജോയന്റ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ 19ാമത് സെഷൻ കുവൈത്തിൽ നടന്നു. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ഏഷ്യ, യു.എൻ എന്നിവയുടെ വിദേശകാര്യ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് (എഫ്.സി.ഡി.ഒ) സഹമന്ത്രി താരിഖ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
സമ്പദ്വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, ആരോഗ്യം, സാംസ്കാരികം, ശാസ്ത്രം, ജുഡീഷ്യൽ, സൈബർ സുരക്ഷ, വികസന പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് യോഗത്തിൽ ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സംയുക്ത സംഭാഷണം ആരംഭിക്കുന്നത് പരിഗണിക്കും. പ്രതിരോധ സഹകരണ മേഖലയിൽ കൈവരിച്ച പുരോഗതിയിലും ഒപ്പുവെച്ച കരാറുകൾ സജീവമാക്കുന്നതിലും ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബി, എഫ്.സി.ഡി.ഒ സഹമന്ത്രി താരിഖ് അഹമ്മദ് എന്നിവർ ഹസ്തദാനം ചെയ്യുന്നു
വ്യോമയാന സുരക്ഷ നടപടികൾ ശക്തമാക്കുന്നതിന് കുവൈത്തിനുള്ള ബ്രിട്ടീഷ് സഹായത്തെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അൽ ഒതൈബി അഭിനന്ദിച്ചു. സിവിൽ ഏവിയേഷൻ സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനായി സംയുക്ത പരിപാടികളും പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും നടത്തുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. അഴിമതിക്കെതിരെയുള്ള സഹകരണം വർധിപ്പിക്കൽ ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ സ്ഥിരമായ വളർച്ചയെ പ്രശംസിക്കുകയും പരസ്പര നിക്ഷേപങ്ങളുടെ ഒഴുക്ക് നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. വികസന സഹകരണവുമായി ബന്ധപ്പെട്ട്, അനുഭവങ്ങളുടെ കൈമാറ്റം, ഊർജ പരിവർത്തനം, കാലാവസ്ഥ, പരിസ്ഥിതി, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വികസന പരിപാടികളിലെ സഹകരണത്തിനുള്ള സാധ്യത, അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ട് സ്ഥാപിച്ച പരിശീലന പരിപാടികൾക്കുള്ള പിന്തുണ എന്നിവയും ചർച്ചയായി.
ഫാർമസ്യൂട്ടിക്കൽ മേഖലയിലെ സഹകരണം, ആരോഗ്യ മേഖലയുടെ ഡിജിറ്റലൈസേഷൻ, മെഡിക്കൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ എന്നിവയും ചർച്ച ചെയ്തു. സംയുക്ത നിയമ, ജുഡീഷ്യൽ സഹകരണ സംഘം ഉഭയകക്ഷി സഹകരണം ഉറപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചു.
കുവൈത്തിനുവേണ്ടി വിദേശകാര്യ ഉപമന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബിയും മിഡിൽ ഈസ്റ്റ് അഫയേഴ്സ് ബ്രിട്ടീഷ് സഹമന്ത്രി താരിഖ് അഹ്മദും സംയുക്ത സംഭാഷണം സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. ജോയന്റ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ അടുത്ത ആറുമാസത്തേക്കുള്ള പ്രവർത്തന പദ്ധതിയും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

