നിശ്ചിത ലെയ്നുകൾ മാത്രം ഉപയോഗിക്കുക; റോഡിൽ ശ്രദ്ധവേണം
text_fieldsകുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വാഹനമോടിക്കുന്നവരുടെ പങ്ക് ഉണർത്തി ആഭ്യന്തര മന്ത്രാലയം. ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ഇടത്തേക്ക് തിരിയുന്നതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ലെയ്നുകൾ മാത്രം ഉപയോഗിക്കണം.
റോഡിലെ അടയാളങ്ങളും വാഹനങ്ങൾ സഞ്ചരിക്കേണ്ട ലെയ്നുകളെ സൂചിപ്പിക്കുന്ന അമ്പടയാളങ്ങളും കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് കാര്യ-പ്രവർത്തന വിഭാഗം അറിയിച്ചു.
അനുവദിക്കാത്ത ലെയ്നുകളിൽ നിന്ന് വാഹനം തിരിക്കുന്നത് ഗതാഗത നിയമലംഘനമാണ്. ഇത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷക്ക് ഭീഷണിയാവുകയും ചെയ്തേക്കാം എന്നും മുന്നറിയിപ്പു നൽകി.
വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, ഗതാഗതം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിനും, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും നിശ്ചയിക്കപ്പെട്ട ലെയ്നുകളിൽത്തന്നെ വാഹനം ഓടിക്കാനും അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.

