കുവൈത്ത് ടവറുകൾ അറബ് വാസ്തുവിദ്യാ പൈതൃക പട്ടികയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ അഭിമാന ചിഹ്നങ്ങളിൽ ഒന്നായ കുവൈത്ത് ടവറുകൾ അറബ് വാസ്തുവിദ്യാ പൈതൃക പട്ടികയിൽ. ബെയ്റൂത്തിൽ നടന്ന ഒമ്പതാമത് റീജിയണൽ ഫോറത്തിന്റെ സമാപന വേളയിൽ അറബ് ഒബ്സർവേറ്ററി ഫോർ ആർക്കിടെക്ചറൽ ആൻഡ് അർബൻ ഹെറിറ്റേജാണ് പ്രഖ്യാപനം നടത്തിയത്. കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) ടവറുകൾ ദേശീയ പ്രാധാന്യമുള്ള സാംസ്കാരിക സ്വത്തായി സമിതിക്കുമുമ്പാകെ അവതരിപ്പിച്ചതിനെ തുടർന്നാണ് നടപടി.
അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കടൽത്തീരത്ത് സഥിതിചെയ്യുന്ന കുവൈത്ത് ടവറുകൾ ഉയരം കൊണ്ടും നിർമാണഭംഗികൊണ്ടും വ്യത്യസ്തത പുലർത്തുന്നു. വാട്ടർ കണ്ടെയ്‌നറായും ടൂറിസം കേന്ദ്രമായും ഇരട്ട ദൗത്യം നിർവഹിക്കുന്ന ഇവ കുവൈത്തിന്റെ പ്രധാന ചിഹ്നവും ഐഡന്റിറ്റിയുമാണ്. ടവറുകളുടെ വാസ്തുവിദ്യാ സൗന്ദര്യം, തന്ത്രപരമായ സ്ഥാനം, വിവിധ ഉപയോഗം എന്നിവ പൈതൃക ലാൻഡ്‌മാർക്കായി അംഗീകരിക്കപ്പെടാനുള്ള ഘടകങ്ങളായി.
അറബ് ലീഗിന്റെ വിദ്യാഭ്യാസ സാംസ്കാരിക വിഭാഗത്തിന് കീഴിലാണ് അറബ് ഒബ്സർവേറ്ററി പ്രവർത്തിക്കുന്നത്. മേഖലയിലെ വാസ്തുവിദ്യാ പ്രാധാന്യമുള്ള സ്ഥലങ്ങൾ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ചുമതല. ഈ വർഷം 19 സ്ഥലങ്ങളാണ് അറബ് പൈതൃക പട്ടികയിൽ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

