ഖത്തർ ഹോർട്ടികൾചറൽ എക്സ്പോയിൽ കുവൈത്ത് പങ്കെടുക്കും
text_fieldsകുവൈത്ത് സിറ്റി: ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ പ്രമേയത്തിൽ ഖത്തറിൽ നടക്കുന്ന ഹോർട്ടികൾചറൽ എക്സ്പോ-2023ൽ കുവൈത്ത് പങ്കെടുക്കും.
എക്സ്പോയിൽ പരിസ്ഥിതി സംരക്ഷണം, മരുഭൂവത്കരണത്തിനെതിരെ പോരാടൽ, സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ നിരവധി സംരംഭങ്ങൾ കുവൈത്ത് അവതരിപ്പിക്കുമെന്ന് എൻവയൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ) ആക്ടിങ് ഡയറക്ടർ ജനറലും എക്സ്പോ-2023ലെ കുവൈത്ത് ജനറൽ കമീഷണറുമായ സമീറ അൽ കന്ദരി പറഞ്ഞു.
സന്ദർശകരിൽ പരിസ്ഥിതി അവബോധം കൊണ്ടുവരുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള നടപടി പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യത്യസ്ത പരിപാടികൾ നൂതനമായ രീതികളോടെ അവതരിപ്പിക്കും. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും ഹോർട്ടികൾചർ, പാരിസ്ഥിതിക വികസനം എന്നീ മേഖലകളിൽ അന്താരാഷ്ട്രതലത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എക്സ്പോയിലെ കുവൈത്തിന്റെ പങ്കാളിത്തം രാജ്യത്ത് പരിസ്ഥിതി അവബോധവും സുസ്ഥിരതയും വർധിപ്പിക്കുമെന്നും എൻവയൺമെന്റ് പബ്ലിക് അതോറിറ്റി വ്യക്തമാക്കി.
ഖത്തർ ഹോർട്ടികൾചർ എക്സ്പോ ജി.സി.സിയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ ഇവന്റാണ്. ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

