ആഗസ്റ്റ് മുതൽ 5,48,000 ബാരൽ; കുവൈത്ത് പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കും. ആഗസ്റ്റ് മുതൽ പ്രതിദിനം 5,48,000 ബാരൽ ഉൽപാദനമാണ് വർധിപ്പിക്കുക. അന്താരാഷ്ട്ര എണ്ണ വിപണികളുടെ സ്ഥിരത വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാന പ്രകാരമാണ് നടപടി. കുവൈത്ത്, സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കസാഖ്സ്താൻ, അൽജീരിയ, ഒമാൻ എന്നീ എട്ട് രാജ്യങ്ങൾ നടത്തിയ വെർച്വൽ യോഗത്തിനുശേഷം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയാണ് (ഒപെക്) തീരുമാനം പ്രഖ്യാപിച്ചത്.
2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണ ഉല്പാദനം വെട്ടിക്കുറച്ച രാജ്യങ്ങളാണിവ. ആഗസ്റ്റിൽ ഉൽപാദനം വർധിപ്പിക്കുമെങ്കിലും സെപ്തംബറിലെ ഉല്പാദനം സംബന്ധിച്ച് വീണ്ടും പുനരാലോചന നടത്തും. ഇതിനായി ആഗസ്റ്റ് മൂന്നിന് യോഗം ചേരും. ജൂലൈയിലെ ഉൽപാദനത്തിൽ സൗദി അറേബ്യ പ്രതിദിനം 9.5 ദശലക്ഷം ബാരൽ എണ്ണ ഉൽപാദനവുമായി ഒന്നാം സ്ഥാനത്തെത്തി.
തൊട്ടുപിന്നിൽ റഷ്യ 9.2 ദശലക്ഷം ബാരലും ഇറാഖ് 4.1 ദശലക്ഷം ബാരലും ഉൽപാദനം നടത്തി. യു.എ.ഇ 3.1 ദശലക്ഷം ബാരൽ ഉൽപാദിപ്പിച്ചു. പുതിയ തീരുമാനം നടപ്പാവുന്നതോടെ സൗദി അറേബ്യയുടെ പ്രതിദിന ഉൽപദാനം 97,56,000 ബാരലായി ഉയരും. ഒപെക് തീരുമാനങ്ങൾക്ക് കുവൈത്തിന്റെ പൂർണ പിന്തുണ യോഗത്തിൽ പങ്കെടുത്ത എണ്ണ മന്ത്രി താരിഖ് അൽ റൂമി അറിയിച്ചു. ഒപെക്കിലെ കുവൈത്ത് ഗവർണർ മുഹമ്മദ് അൽ ഷാത്തി, രാജ്യത്തിന്റെ ദേശീയ പ്രതിനിധി ശൈഖ് അബ്ദുല്ല സബാഹ് സലിം അൽ ഹുമൂദ് അസ്സബാഹ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

