മനുഷ്യക്കടത്ത് തടയൽ: പശ്ചിമേഷ്യൻ ഉച്ചകോടിക്ക് കുവൈത്ത് വേദിയാകും
text_fieldsമനുഷ്യക്കടത്ത് തടയാൻ രൂപവത്കരിച്ച ദേശീയ സ്ഥിരം സമിതിയുടെ 19ാമത് യോഗം
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയാൻ വിവിധ രാജ്യങ്ങൾ സഹകരിക്കുന്നതിന്റെ ഭാഗമായി ആറാമത് പശ്ചിമേഷ്യൻ ഉച്ചകോടിക്ക് കുവൈത്ത് വേദിയാകും. മനുഷ്യക്കടത്ത് തടയാനുള്ള ഗവൺമെന്റൽ ഫോറം എന്ന പേരിൽ രൂപവത്കരിച്ച കൂട്ടായ്മയുടെ അഞ്ചാമത് ഉച്ചകോടി കഴിഞ്ഞ വർഷം ഖത്തറിൽ നടന്നിരുന്നു. മനുഷ്യക്കടത്ത് തടയാൻ രൂപവത്കരിച്ച ദേശീയ സ്ഥിരം സമിതിയുടെ 19ാമത് യോഗം നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറിയും സമിതി ഡെപ്യൂട്ടി ചെയർമാനുമായ താരിഖ് അലി അൽ അസ്ഫുറിന്റെ അധ്യക്ഷതയിൽ ചേർന്നു. 2018 ഫെബ്രുവരിയിൽ മന്ത്രിസഭ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം ദേശീയ സമിതി രൂപവത്കരിച്ചത്. വിസക്കച്ചവടവും അനധികൃത കുടിയേറ്റവും പൂർണമായും തടയുകയാണ് ലക്ഷ്യം. നീതിന്യായ, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയാണ് അധ്യക്ഷൻ. മനുഷ്യക്കടത്ത് തടയാൻ സ്വീകരിക്കേണ്ട നിയമനിർമാണ, ഭരണനിർവഹണ നടപടികൾ യോഗം ചർച്ച ചെയ്തു. പശ്ചിമേഷ്യൻ ഉച്ചകോടിയുടെ തയാറെടുപ്പുകൾ യോഗം ചർച്ച ചെയ്തു. താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പരിശോധനകൾ സ്ഥിരം ദേശീയ സമിതി നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനൊപ്പം തൊഴിൽ അവകാശങ്ങളെക്കുറിച്ചും തട്ടിപ്പ് സാധ്യതകൾ സംബന്ധിച്ചും ബോധവത്കരണം കൂടി ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

