സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യം സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് നീങ്ങുന്നു. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ബിസിനസ് ഉടമകൾക്കായി സഹേൽ ആപ്ലിക്കേഷന്റെ ഔദ്യോഗിക പതിപ്പ് പുറത്തിറക്കി.
കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയും സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി ചെയർമാനുമായ മാസെൻ അൽ നഹേദാണ് പ്രകാശനം നിർവഹിച്ചത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 141 ഓളം ഇ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഇതോടെ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ ഏറെ നേരം കാത്തുനില്‍ക്കാതെ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ ഇടപാടുകൾ നടത്താൻ കഴിയും.
സ്ഥാപനങ്ങളുടെ ഉടമകൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ മറ്റുള്ളവരെ നോമിനേറ്റ് ചെയ്യാനും ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏതാനും മാസങ്ങളായി നടന്ന ട്രയല്‍ റണ്ണില്‍ ഇതിന് വ്യാപാരികളില്‍ നിന്ന് മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചിരുന്നു.
3,800 വരിക്കാർ രജിസ്റ്റർ ചെയ്യുകയും 23,000 അറിയിപ്പുകളും 22,500 പ്രസ്താവനകളും സ്വീകരിക്കുകയും ഏകദേശം 3,000 സേവനങ്ങൾ പൂർത്തിയാക്കുകയും ചെയ്ത പരീക്ഷണ ഘട്ടം വിജയിച്ചതിനുശേഷമാണ് ഔദ്യോഗിക ഉദ്ഘാടനം.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓൺലൈനാക്കുന്നത് ഡിജിറ്റൽവത്കരണം ത്വരിതപ്പെടുത്താന്‍ സഹായകരമാകുമെന്നും വ്യാപാരികൾക്ക് എളുപ്പത്തിൽ ഏകജാലക ഇടപാടുകൾ പൂർത്തിയാക്കാൻ സാഹേല്‍ ആപ്പിന്‍റെ പുതിയ പതിപ്പിലൂടെ സാധിക്കുമെന്നും വാണിജ്യ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രേഖകളുടെ സാധുത ഉറപ്പുവരുത്താൻ ക്യു ആർ കോഡ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

