കുവൈത്തിൽ കൊടും ചൂട്; മിർസാം സീസണിന് തുടക്കം, പകലിന് ദൈർഘ്യമേറും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താപനില കുത്തനെ ഉയർത്തി വേനൽകാലം പുതിയഘട്ടത്തിലേക്ക്. ചൊവ്വാഴ്ച മുതൽ മിർസാം സീസണിന് തുടക്കമായി. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത. 13 ദിവസം നീണ്ടു നിൽക്കുന്ന ഈഘട്ടം ഉയർന്ന താപനിലകൊണ്ട് ‘വേനൽക്കാലത്തെ തീ’ എന്നാണ് അറിയപ്പെടുന്നത്.
കുവൈത്തിലെ വേനൽക്കാല കലണ്ടറിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മിർസാം സീസൺ. വേനൽ കാലത്തിന്റെ അസാനഘട്ടത്തിലേക്കുള്ള പ്രവേശനമായി ഇതിനെ കണക്കാക്കുന്നു. ഈ ഘട്ടത്തിൽ പകലിൻ്റെ ദൈർഘ്യം 13 മണിക്കൂറും 30 മിനിറ്റും വരെ നീളും. രാത്രി 11 മണിക്കൂറും 30 മിനുറ്റുമായി ചുരുങ്ങും.
കുവൈത്തിൽ വിളവെടുപ്പിനുള്ള ഈന്തപ്പഴങ്ങളുടെ ഒരുക്കവും ഈ സീസണിലാണ്. ബുധനാഴ്ച മുതൽ ഈന്തപ്പന വിളവെടുപ്പ് ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. നിലവിൽ രാജ്യത്ത് ശരാശരി 50 ഗിഡ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തുന്നുണ്ട്. കനത്തചൂടിനൊപ്പം കാറ്റും സജീവമാണ്. 13 ദിവസത്തെ മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽ അവസാനത്തിലേക്ക് നീങ്ങുകയും ചെയ്യും. തുടർന്ന് ഈർപ്പത്തിന് പേരുകേട്ട അൽ കുലൈബിൻ ഘട്ടത്തിലേക്ക് കടക്കും.
സെപ്റ്റംബറിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

