സുഡാനിലെ കുവൈത്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാനിൽ കുടുങ്ങിക്കിടക്കുന്നവരെ ഖർത്തൂമിലെ കുവൈത്ത് എംബസി വഴി വിദേശകാര്യ മന്ത്രാലയം പിന്തുടരുന്നുണ്ട്. പൗരന്മാരോട് അവരുടെ താമസസ്ഥലത്ത് തുടരാനും ജാഗ്രത പാലിക്കാനും സംഘർഷ മേഖലകൾ ഒഴിവാക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. സുഡാനിലെ ഔദ്യോഗിക സ്ഥാപനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും അഭ്യർഥിച്ചു. സുഡാനിലെ കുവൈത്തികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും വിലയിരുത്താനും സുരക്ഷ സാഹചര്യങ്ങൾ അനുയോജ്യമാണെങ്കിൽ അവരെ ഒഴിപ്പിക്കാനും സുഡാനിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസിയുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്നുണ്ട്. പ്രയാസകരമായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പുനൽകുന്നതിനുള്ള പൊതു മാർഗനിർദേശങ്ങൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സുഡാനിൽ ശനിയാഴ്ചയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) സായുധസേനയും തമ്മിൽ ആരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ സുഡാനിലേക്കുള്ള വിമാന സർവിസുകൾ പല രാജ്യങ്ങളും റദ്ദാക്കി.
ഏറ്റുമുട്ടലിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തർക്കങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനും കുവൈത്ത് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

