ഗസ്സക്ക് കുടിവെള്ളമെത്തിക്കാൻ കുവൈത്ത്
text_fieldsഗസ്സയിൽ വെള്ളവുമായി പോകുന്ന കുട്ടി _എ.എഫ്.പി
കുവൈത്ത് സിറ്റി: കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്ന ഗസ്സ നിവാസികൾക്ക് സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). ഗസ്സയിൽ വാട്ടർ ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഫലസ്തീൻ വഫ അസോസിയേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ്ങുമായി സഹകരിച്ചാണ് പദ്ധതിയെന്ന് കെ.ആർ.സി.എസ് അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ കുടുംബങ്ങളെ സഹായിക്കൽ മേഖലയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കൽ എന്നിവയാണ് ലക്ഷ്യം.
ഭൂഗർഭജല സ്രോതസ്സുകളുടെ മലിനീകരണവും ജല അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം ഗസ്സ കടുത്ത ജലപ്രതിസന്ധി നേരിടുകയാണ്. ഇസ്രായേലിന്റെ ദീർഘകാല ഉപരോധത്തിന്റെയും ആവർത്തിച്ചുള്ള ആക്രമണങ്ങളുടെയും അനന്തരഫലങ്ങളാണ് ഇവ. ശുദ്ധവും ഉപയോഗയോഗ്യവുമായ വസ്തുക്കൾ ലഭ്യമല്ലാത്ത കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുന്നതിന് ടാങ്കറുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
676,500 ഡോളർ ചെലവിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് പറഞ്ഞു. ഗസ്സയിൽ ഭക്ഷണം, മെഡിക്കൽ വസ്തുക്കൾ, ആംബുലൻസുകൾ എന്നിവ എത്തിക്കൽ, ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി ഫീൽഡ് ആശുപത്രി സ്ഥാപിക്കൽ എന്നിവയുൾപ്പെടെ നിരവധി മാനുഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കെ.ആർ.സി.എസിന്റെ ശ്രമങ്ങളും അദ്ദേഹം സൂചിപ്പിച്ചു. ഈ സംരംഭങ്ങളോട് സഹകരിക്കുന്ന എല്ലാവർക്കും അൽ മുഗാമിസ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

