യു.എൻ.എച്ച്.സി.ആറുമായുള്ള സഹകരണം തുടരും- കുവൈത്ത്
text_fieldsവിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ലോക അഭയാർഥി
ദിനാചരണ ചടങ്ങിൽ അതിഥികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഹൈകമീഷണറുമായി മികച്ചതും അടുത്ത ബന്ധവും നിലനിർത്തിപോരുന്നതായി കുവൈത്ത്. യു.എൻ.എച്ച്.സി.ആറുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ലോക അഭയാർഥി ദിനാചരണ ചടങ്ങിലാണ് കുവൈത്ത് നിലപാട് വ്യക്തമാക്കിയത്. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിൽ കുവൈത്ത് പങ്കുവഹിക്കുന്നതായും ചൂണ്ടിക്കാട്ടി.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, യു.എൻ.എച്ച്.സി.ആർ ഡെപ്യൂട്ടി കമീഷണർ കെല്ലി സിമന്റ്സ്, ഗുഡ്വിൽ അംബാസഡർ ഷെയ്ഖ റിമ അസ്സബാഹ്, അംബാസഡർമാർ, കുവൈത്ത് ഡിപ്ലോമാറ്റിക് മിഷൻ മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സിറിയ, ഇറാഖ്, യമൻ എന്നിവിടങ്ങളിലെ ജനങ്ങൾക്കും റോഹിങ്ക്യൻ അഭയാർഥികൾക്കും ആഗോള പിന്തുണ നൽകാനും വിവിധ കൺവെൻഷനുകൾ, മീറ്റിങ്ങുകൾ എന്നിവ നടത്തുന്നതിലൂടെ കുവൈത്തിന് കഴിഞ്ഞതായി വിദേശകാര്യമന്ത്രി ചൂണ്ടികാട്ടി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതിന് ഇടപെടുകയും മേഖലയിലും പുറത്തുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനും കുവൈത്ത് പ്രധാന പങ്ക് വഹിച്ചു. യുദ്ധങ്ങൾ അവസാനിപ്പിക്കാനും രാഷ്ട്രീയ പരിഹാരങ്ങൾ തേടാനും കുവൈത്ത് ശ്രമങ്ങൾ തുടരുകയാണ്.
സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പാലങ്ങൾ പണിയുന്ന രാഷ്ട്രമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടുത്തിടെ കുവൈത്തിനെ വിശേഷിപ്പിച്ചത് ശൈഖ് സലീം അനുസ്മരിച്ചു.കൂടാതെ, രാജ്യത്തെ മാനുഷിക പ്രവർത്തനങ്ങളുടെ കേന്ദ്രമായും, അമീറിനെ മാനുഷിക പ്രവർത്തനങ്ങളുടെ നേതാവായും യു.എൻ പ്രഖ്യാപിച്ചതും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

