ഹേഗ് രണ്ടാം പ്രോട്ടോക്കോളിൽ കുവൈത്ത് അംഗമാകും
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: സായുധ സംഘട്ടനമുണ്ടായാൽ സാംസ്കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള 1954ലെ ഹേഗ് കൺവെൻഷനിലെ രണ്ടാം പ്രോട്ടോക്കോളിൽ കുവൈത്തിനെ ഉൾപ്പെടുത്തുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
ബയാൻ പാലസിൽ നടന്ന പ്രതിവാര യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. സായുധ സംഘട്ടനങ്ങളിൽ സാംസ്കാരിക സ്വത്തുക്കളുടെ സംരക്ഷണത്തിന് വിപുലമായ നിയമ ചട്ടക്കൂട് നൽകൽ, സാംസ്കാരിക ആസ്തികൾക്ക് സംരക്ഷണം, സാംസ്കാരികവും മതപരവുമായ സ്ഥലങ്ങൾ ലക്ഷ്യമിടുന്നത് നിയന്ത്രിക്കൽ തുടങ്ങിയവ പ്രോട്ടോക്കോളിലെ പ്രത്യേകതയാണ്.
അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ പ്രയോഗം ശക്തിപ്പെടുത്തുക, ദേശീയ നിയമനിർമാണത്തെ അന്താരാഷ്ട്ര ബാധ്യതകളുമായി സമന്വയിപ്പിക്കുക, ആഭ്യന്തര തലത്തിൽ സംരക്ഷണ നിയമങ്ങൾ സംയോജിപ്പിക്കുക, പ്രതിരോധത്തെയും നിയമപരമായ ഉത്തരവാദിത്തത്തെയും പിന്തുണക്കുന്ന ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുക എന്നീ നയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കരട് നിയമത്തിന് അംഗീകാരം നൽകിയ മന്ത്രിസഭ അന്തിമ അംഗീകാരത്തിനായി അമീറിന് സമർപ്പിച്ചു.
സായുധ സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ ചരിത്രപരവും സാംസ്കാരികവും മതപരവുമായ പൈതൃകത്തിന്റെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് രണ്ടാം പ്രോട്ടോക്കോളിൽ ചേരുന്നത് സഹായിക്കുമെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമൈത് പറഞ്ഞു. പുതിയ ലഹരിവിരുദ്ധ നിയമപ്രകാരം നടപ്പാക്കിയ സുലൈബിയയിലെ ആസക്തി പുനരധിവാസ കേന്ദ്ര പദ്ധതിയെക്കുറിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മന്ത്രിസഭ യോഗത്തിൽ വിശദീകരിച്ചു.
എല്ലാ കെട്ടിടങ്ങളും സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നിയമഭേതഗതിയെക്കുറിച്ച് സാമൂഹിക, കുടുംബ, ബാല്യ ക്ഷേമ മന്ത്രിയും ഭിന്നശേഷികാര്യ പൊതു അതോറിറ്റി ചെയർപേഴ്സണുമായ ഡോ. അംതാൽ അൽ ഹുവൈല വിശദീകരിച്ചു. നിലവിലുള്ളതും ഭാവിയിലുമുള്ള എല്ലാ സംസ്ഥാന പദ്ധതികളും ഭിന്നശേഷി സൗഹൃദമാക്കാൻ മന്ത്രിസഭ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു അധികാരികൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

