ആൽക്കഹോളിക്ക് ഉൽപങ്ങൾക്ക് 100 ശതമാനം നികുതി വരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് എനർജി ഡ്രിങ്ക്സുകൾക്കും ആൽക്കഹോളിക് പാനീയങ്ങൾക്കും 100 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്താൻ നീക്കം. ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് രേഖ തയാറാക്കി ഫത്വ ബോർഡിന് സമർപ്പിക്കാൻ ധനകാര്യമന്ത്രി അനസ് അൽ സാലിഹ് ബന്ധപ്പെട്ട വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. തമ്പാക്ക് പോലുള്ള പാനുൽപന്നളെയും നൂറു ശതമാനം നികുതി ചുമത്തേണ്ട ഗണത്തിലുൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കോള പോലുള്ള പാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്താനും ആലോചനയുണ്ട്.
ആരോഗ്യത്തിന് ഹാനികരമായ ഇത്തരം പാനീയങ്ങളുടെയും ഉൽപന്നങ്ങളുടെയും ലഭ്യത കുറക്കുന്നതിെൻറ ഭാഗമായി ഇവയുടെ ഇറക്കുമതി നികുതി കൂട്ടണമെന്ന് ജി.സി.സി തലത്തിൽ ധാരണയുള്ളതാണ്. ജി.സി.സി തീരുമാനം നടപ്പാക്കുന്നതിെൻറ ഭാഗമായാണിതെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു. വാണിജ്യ–വ്യവസായ, നീതിന്യായ മന്ത്രാലയങ്ങളുടെയും ഇൻവെസ്റ്റ്മെൻറ്, കസ്റ്റംസ് വകുപ്പുകളിലെയും പ്രതിനിധികളടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കരട് രൂപരേഖ തയാറാക്കി ആഴ്ചകൾക്കകം ഫത്വ ബോർഡിന് സമർപ്പിക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ കൂടി അഭിപ്രായം ആരായുന്നതിനാണ് ഇത്രയും സമയം അനുവദിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സൗദിയിൽ ഈ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. നികുതി 100 ശതമാനമാക്കി ഉയർത്തുന്നതോടെ ഉപഭോഗം കുറയുകയും കച്ചവടക്കാർ പിന്മാറി ലഭ്യത കുറയുകയും ചെയ്യുമെന്നുമാണ് കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
