പ്രതിവർഷം ലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 2028ഓടെ പ്രതിവർഷം ഒരു ലക്ഷം വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കുവൈത്ത് പദ്ധതി തയാറാക്കുന്നു. 1.2 കോടി ദീനാർ ചെലവിലാണ് വൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ 1830 പ്രഫഷനലുകൾക്ക് സ്ഥിരം ജോലി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവർത്തനങ്ങളിലും നടത്തിപ്പിലും വിദേശ തൊഴിലാളികൾക്കും ധാരാളം അവസരം ലഭിക്കും.
വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധം കോടിക്കണക്കിന് ദീനാർ ചെലവഴിച്ചുള്ള മെഗാ പദ്ധതിയാണ് പരിഗണിക്കുന്നത്. ഇതിൽ സ്വകാര്യ നിക്ഷേപകർക്കും പങ്കാളിത്തം അനുവദിച്ചേക്കും. പദ്ധതിയുടെ ഭാഗമായി 25 പൈതൃക കെട്ടിടങ്ങളെ സാംസ്കാരിക, വൈജ്ഞാനിക കേന്ദ്രങ്ങളായി നവീകരിക്കും. വർഷത്തിൽ 20 സാംസ്കാരിക വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കും.
സ്മാർട്ട് കൾചറൽ ഹെറിറ്റേജ് ടൂറിസം പ്ലാറ്റ്ഫോം (സാംസ്കാരിക ഭൂപടം) തയാറാക്കും. പത്ത് കൾചറൽ ടൂറിസം ബസ് സ്റ്റേഷൻ നിർമിക്കും. പുരാവസ്തു കേന്ദ്രങ്ങൾക്ക് സമീപം 50 റെസ്റ്റാറന്റുകളും കഫെകളും നിർമിക്കും. അറബ് സംസ്കാരത്തിന്റെയും മാധ്യമങ്ങളുടെയും തലസ്ഥാനമായി കുവൈത്തിനെ അറബ് ലീഗ് പ്രഖ്യാപിച്ചത് വലിയൊരു സാധ്യതയായി കാണുന്നു. നഗര സൗകര്യങ്ങളെ പൈതൃകവുമായി ബന്ധിപ്പിച്ച് നവീകരിക്കും.
500 പൈതൃക കെട്ടിടങ്ങളെ കുറിച്ച് രജിസ്റ്റർ തയാറാക്കുകയും പഠനം നടത്തുകയും ചെയ്യും. കുവൈത്തിന്റെ ചരിത്രവും പൈതൃകവും സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രചാരണം നടത്തും. അന്താരാഷ്ട്ര സാംസ്കാരിക സംഘടനകളുമായി ബന്ധം മെച്ചപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്നതിന് പദ്ധതി തയാറാക്കും. പ്രകൃതിദത്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കുറവ് മറ്റുരീതിയിൽ മറികടക്കാനാണ് വൻകിട പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. സാംസ്കാരിക ടൂറിസം മേഖലയിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് ശൈഖ് ജാബിർ കൾചറൽ സെന്റർ, അബ്ദുല്ല സാലിം മ്യൂസിയം, താരിഖ് റജബ് മ്യൂസിയം, നാഷനൽ മ്യൂസിയം ഉൾപ്പെടെ സംവിധാനങ്ങളും രാജ്യം വികസിപ്പിച്ചിട്ടുണ്ട്.
പൈതൃക കേന്ദ്രങ്ങൾ വികസിപ്പിച്ചും അവക്ക് പ്രചാരം നൽകിയും നിരവധി ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാമെന്ന് അധികൃതർക്ക് പ്രതീക്ഷയുണ്ട്. നിലവിൽ കുവൈത്തിന്റെ ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം ജി.ഡി.പിയുടെ രണ്ട് ശതമാനം മാത്രമാണ്. എണ്ണവരുമാനത്തെ മുഖ്യ ആശ്രയമായി കാണുന്ന നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കാനാണ് കുവൈത്ത് ടൂറിസം മേഖലയിൽ ശ്രദ്ധയൂന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

