അനധികൃത മദ്യ നിർമാണത്തിനെതിരെ കർശന നടപടികളുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മദ്യനിർമാണത്തിനെതിരെ കർശന നടപടികൾ തുടരുന്നു. ആഭ്യന്തരമന്ത്രാലയം നടത്തിയ നീക്കത്തിൽ അൽ റായിൽ അനധികൃത മദ്യ നിർമാണത്തിന് രാസവസ്തുക്കൾ വിതരണം ചെയ്യുന്ന വെയർഹൗസ് കണ്ടെത്തി.ഇവിടെനിന്ന് 340 കാനുകളിൽ നിന്നായി 25 ലിറ്റർ വിഷ രാസവസ്തുക്കൾ പിടിച്ചെടുത്തു.
സുരക്ഷിതമല്ലാത്ത നിലയിലാണ് അപകടകരമായ വസ്തുക്കൾ സൂക്ഷിച്ചിരുന്നത്, തീ, സ്ഫോടനം, വിഷവാതക ഉദ്‌വമനം, പരിസ്ഥിതി മലിനീകരണം എന്നിവക്കും ജീവനും സ്വത്തിനും ഇവ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഈജിപ്ഷ്യൻ പൗരന്റേതാണ് വെയർഹൗസ് എന്ന് അധികൃതർ കണ്ടെത്തി. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഈജിപ്ഷ്യൻ സുരക്ഷ അധികാരികളുമായി ഏകോപനം നടന്നുവരികയാണ്. വാണിജ്യ വ്യവസായ മന്ത്രാലയവും കുവൈത്ത് മുനിസിപ്പാലിറ്റിയും പ്രത്യേക നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.
നിയമവിരുദ്ധമായി നിർമിച്ച മദ്യം കഴിച്ച് കുവൈത്തിൽ അടുത്തിടെ 23 പേർ മരിച്ചിരുന്നു. ഇതിന് പിറകെ രാജ്യത്താകമാനം ശക്തമായ പരിശോധനകൾ നടന്നുവരികയാണ്. ലഹരി വസ്തുക്കളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരുന്ന നിരവധിപേർ ഇതിനകം പിടിയിലായിട്ടുണ്ട്.
എല്ലാത്തരം ലഹരിക്കെതിരായ പരിശോധനകളും ശക്തമായി തുടരുമെന്നും സമൂഹത്തെ അപകടത്തിലാക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളെ കർശനമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

