യു.എസ്-ഇറാൻ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് കുവൈത്ത് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ഒമാന്റെ ആതിഥേയത്വത്തിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകളെ കുവൈത്ത് സ്വാഗതം ചെയ്തു. ഇരു കക്ഷികളുടെയും താൽപര്യങ്ങൾ നേടിയെടുക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു സമഗ്ര കരാറിലേക്ക് ഈ ചർച്ചകൾ നയിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. യു.എസ്-ഇറാൻ ചർച്ചകൾ സുഗമമാക്കുന്നതിനും, പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ക്രിയാത്മ സംഭാഷണങ്ങൾക്ക് ഒമാനും മറ്റു രാജ്യങ്ങളും നടത്തുന്ന നീക്കങ്ങൾ അഭിനന്ദനാർഹവും പ്രശംസനീയവുമാണെന്ന് കുവൈത്ത് വ്യക്തമാക്കി. ഇത്തരം എല്ലാ ശ്രമങ്ങൾക്കും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പിന്തുണ ആവർത്തിച്ചു.
വെള്ളിയാഴ്ചയാണ് ഒമാനിൽ ഇറാനും യു.എസുമായുള്ള ചർച്ചകൾ പുനരാരംഭിച്ചതിത്. ചർച്ചയെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി സ്വാഗതം ചെയ്തു. ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് ഒമാനെയും അഭിനന്ദിച്ചു. ചർച്ച നല്ല ഫലങ്ങൾ നൽകുമെന്നും, പ്രാദേശിക സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുമെന്നും അൽ ബുദൈവി വ്യക്തമാക്കി. ഇറാനും യു.എസുമായുള്ള ചർച്ചകൾ പുനരാരംഭിച്ചതിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസും സ്വാഗതം ചെയ്തു.
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ സാന്നിധ്യത്തിൽ അബൂദബിയിൽ നടന്ന ത്രിരാഷ്ട്ര ചർച്ചയെയും കുവൈത്ത് സ്വാഗതം ചെയ്തു. യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി ചർച്ചയെ കുവൈത്ത് സൂചിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

