ഫലസ്തീന് പിന്തുണയുമായി കുവൈത്ത്
text_fieldsമന്ത്രിസഭ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കൊപ്പമാണ് തങ്ങളെന്ന നിലപാടിൽ അടിയുറച്ച് കുവൈത്ത്. ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുന്നതിലും പൂർണമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അവരെ പിന്തുണക്കുന്നതിലും കുവൈത്ത് ഭരണകൂടത്തിന്റെ ഉറച്ചതും തത്ത്വാധിഷ്ഠിതവുമായ നിലപാട് മന്ത്രിമാരുടെ കൗൺസിൽ തിങ്കളാഴ്ചയും വ്യക്തമാക്കി.
വാരാന്ത മന്ത്രിസഭ യോഗത്തിലാണ് മന്ത്രിമാർ ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീനൊപ്പം നിലകൊള്ളുന്ന നിലപാടിൽ മാറ്റമില്ല. കിഴക്കൻ ജറൂസലം തലസ്ഥാനമായ 1967ലെ അതിർത്തിയിലുള്ള ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമാണ് അതിൽ ഏറ്റവും പ്രധാനമെന്നും മന്ത്രിസഭ വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഫലസ്തീനികളുടെ മതിയായ സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന വിദേശകാര്യ മന്ത്രാലയ പ്രസ്താവന മന്ത്രിസഭ അവലോകനം ചെയ്തു.
ഫലസ്തീൻ ജനതയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യവും മന്ത്രിസഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി എം.പിമാരും ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഫലസ്തീൻ ജനതക്കായി കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കുവൈത്തിൽ തുടക്കമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

