ഫലസ്തീന് പിന്തുണയും സഹായവും തുടരും -കുവൈത്ത്
text_fieldsഫലസ്തീൻ വിഷയത്തിൽ ബ്രസൽസിൽ ചേർന്ന അന്താരാഷ്ട്ര യോഗം
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് പിന്തുണയും മാനുഷിക സഹായവും തുടരാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും വ്യക്തമാക്കി കുവൈത്ത്. ഫലസ്തീനികളെ സേവിക്കുന്നതിനും സഹായിക്കുന്നതിനും യു.എൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) സുപ്രധാന പങ്കിനെയും കുവൈത്ത് പ്രശംസിച്ചു. ബ്രസൽസിൽ ചേർന്ന ഫലസ്തീനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗത്തിൽ ബെൽജിയത്തിലെ കുവൈത്ത് അംബാസഡറും യൂറോപ്യൻ യൂനിയനിലെയും നാറ്റോയിലെയും ദൗത്യങ്ങളുടെ തലവനുമായ നവാഫ് അൽ എനിസിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഗസ്സയോടുള്ള മാനുഷിക പ്രതികരണത്തിന്റെ നട്ടെല്ലാണ് യു.എൻ.ആർ.ഡബ്ല്യു.എ. സംഘടനക്ക് കുവൈത്ത് അടുത്തിടെ 30 മില്യൺ ഡോളർ സ്വമേധയാ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നോർവെ, സ്പെയിൻ, അയർലൻഡ് രാജ്യങ്ങളുടെ തീരുമാനത്തെ നവാഫ് അൽ എനിസി സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങൾ സമാനമായ തീരുമാനങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. റഫയിലെ സൈനിക നടപടി ഉടൻ നിർത്താൻ ഇസ്രായേലിനോട് ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെയും അദ്ദേഹം സ്വാഗതം ചെയ്തു. സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും ഗസ്സയിൽ മാനുഷിക സഹായം വിതരണം ചെയ്യാൻ അനുവദിക്കണമെന്നും ഉടൻ വെടിനിർത്തണമെന്നും കുവൈത്ത് പ്രതിനിധി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

