ഫലസ്തീന് ശക്തമായ പിന്തുണയുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീന് ശക്തമായ പിന്തുണയുമായി കുവൈത്ത്. ഗസ്സയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനത്തെ കുവൈത്ത് തള്ളി. ഇക്കാര്യം കുവൈത്ത് അസന്ദിഗ്ധമായി നിരസിച്ചതായി വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി.
ഉപരോധത്തിലും ബോംബാക്രമണത്തിലും നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കപ്പെട്ട ഫലസ്തീൻ ജനതയുടെ ദുരിതം ഇത്തരമൊരു ആഹ്വാനം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായേൽ സേനയുടെ അക്രമങ്ങൾ, കൊലപ്പെടുത്തൽ, സ്വത്തുക്കൾ നശിപ്പിക്കൽ എന്നിവയിൽ മന്ത്രി ശൈഖ് സലിം ഖേദം പ്രകടിപ്പിച്ചു.
സിവിലിയൻ, സൈനികർ വ്യത്യാസമില്ലാതെ തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഉടൻ ഇടപെടണം. സിവിലിയന്മാർക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും മന്ത്രി ആഹ്വാനം ചെയ്തു. ഇക്കാര്യത്തിൽ എല്ലാവരും രാഷ്ട്രീയവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. ഉപരോധം അവസാനിപ്പിക്കാനും ഫലസ്തീൻ ജനതക്ക് വൈദ്യസഹായം എത്തിക്കാനും യു.എൻ സംഘടനകളും സർക്കാറിതര മാനുഷിക സംഘടനകളും വഴി അവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നത് ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ശൈഖ് സലിം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

