കുവൈത്തിൽ ആവർത്തിച്ചു ആക്രമണം; ശക്തമായി പ്രതിഷേധിച്ച് രാജ്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇന്നും ആക്രമണം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.. രാജ്യത്തെ ലക്ഷ്യമിട്ട ശത്രുതാപരമായ ഡ്രോണുകൾ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം അഭ്യർത്ഥിച്ചു.
വ്യാഴാഴ്ച അബ്ദലി അതിർത്തി ചെക്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിന് പിറകെ വെള്ളിയാഴ്ച പുലർച്ചെയും കുവൈത്തിൽ ആക്രമണം ഉണ്ടായി. മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി സൈന്യം അറിയിച്ചു. ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇറാനും അവരുടെ പ്രോക്സി ഗ്രൂപ്പുകളും തുടരുന്ന ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
ഡ്രോൺ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആവർത്തിച്ചുള്ള ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയും ന്യായീകരിക്കാനാവാത്ത ശത്രുതാപരമായ സമീപനമാണെന്നും മന്ത്രാലയം വിശേഷിപ്പിച്ചു.
ഐക്യരാഷ്ട്രസഭ ചാർട്ടറിലെ 51ാം അനുച്ഛേദപ്രകാരം സ്വയം പ്രതിരോധത്തിനുള്ള പൂർണ്ണവും നിയമാനുസൃതവുമായ അവകാശം തങ്ങൾക്കുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം, ഭൂപ്രദേശം, ദേശീയ ശേഷി എന്നിവ സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

