ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊല ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ നിരപരാധികൾക്കെതിരെ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയെയും പൊതു സ്വത്തുക്കളെയും ആശുപത്രികളെയും ലക്ഷ്യം വെച്ചുള്ള ആക്രമണത്തെയും കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, അന്താരാഷ്ട്ര പ്രമേയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ തടയൽ, ആശുപത്രികൾക്കും മെഡിക്കൽ സൗകര്യങ്ങൾക്കും സംരക്ഷണം ഉറപ്പാക്കൽ എന്നിവക്ക് അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷ കൗൺസിലും ഇടപെടണമെന്ന് കുവൈത്ത് ആഹ്വാനം ചെയ്തു.
കിഴക്കൻ ജറുസലേം തലസ്ഥാനമാക്കിയുള്ള അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായുള്ള നിയമാനുസൃത പോരാട്ടത്തിൽ ഫലസ്തീൻ ജനതക്ക് കുവൈത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫലസ്തീൻ ലക്ഷ്യത്തെയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും പിന്തുണക്കുന്ന കുവൈത്തിന്റെ അചഞ്ചലവും തത്വാധിഷ്ഠിതവുമായ നിലപാടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
കഴിഞ്ഞ ദിവസം ഗസ്സയിലെ രണ്ട് ആശുപത്രികളിലടക്കം ബോംബിട്ട ഇസ്രായേൽ ക്രൂരമായ ആക്രമണമാണ് നടത്തിയത്. 22 കുട്ടികളുൾപ്പെടെ 80 ലേറെ പേരാണ് മണിക്കൂറുകൾക്കിടെ അറുകൊല ചെയ്യപ്പെട്ടത്. വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാമ്പിന്റെ ഭാഗമായ അഞ്ച് താമസ കെട്ടിടങ്ങളും തകർത്തു. ഇവിടെ 50ലേറെ പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

