ഇസ്രായേൽ ആക്രമണവും കടന്നുകയറ്റവും ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തുന്ന തുടർച്ചയായ ആക്രമണത്തെയും കുടിയേറ്റക്കാർ അൽ അഖ്സ പള്ളിയിലേക്ക് അതിക്രമിച്ചു കയറിയതിനെയും കുവൈത്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ് ഇവയെന്ന് കുവൈത്ത് വിശേഷിപ്പിച്ചു.
ഗുരുതരവും ആവർത്തിച്ചുള്ളതുമായ ഇത്തരം ലംഘനങ്ങൾ തടയുന്നതിനും ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളിലും, കിഴക്കൻ ജറുസലം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തികൾ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന അവകാശത്തിലും കുവൈത്തിന്റെ അചഞ്ചലമായ പിന്തുണ മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

