സിറിയയിലെ ഇസ്രായേൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സിറിയയിൽ ഇസ്രായേൽ സേന തുടരുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.
സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലും തെക്കൻ ഗവർണറേറ്റായ അൽ സുവൈദയിലെയും സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നിന്ദ്യമായ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സിറിയയിലെ പൊതുജനങ്ങളുടെ വസ്തുവകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും സൂചിപ്പിച്ചു.
ഇസ്രായേൽ നടപടി മേഖലയെ കൂടുതൽ കുഴപ്പങ്ങളിലേക്കും രക്തച്ചൊരിച്ചിലിലേക്കും തള്ളിവിടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണം തടയുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷ കൗൺസിലും ഇടപെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സിറിയയുടെ സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കാവുന്ന എല്ലാ നടപടികളിലും കുവൈത്തിന്റെ ശക്തമായ പിന്തുണയും അറിയിച്ചു. ഡമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെയും മറ്റിടങ്ങളിലും ഇസ്രായേൽ കഴിഞ്ഞ ദിവസം ബോംബാക്രമണം നടത്തിയിരുന്നു. നിരവധി പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

