ഇറാന്റെ തുടർച്ചയായ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിനെതിരായ ഇറാന്റെ തുടർച്ചയായതും ആവർത്തിച്ചുള്ളതുമായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇറാൻ ആക്രമണങ്ങളുടെ പുതിയ വ്യാപനത്തെയാണ് ബുധനാഴ്ചയിലെ ആക്രമണം പ്രതിനിധീകരിക്കുന്നതെന്നും ഇത് സാധാരണക്കാരുടെ ജീവനും സുപ്രധാന ഇടങ്ങളുടെയും, പാർപ്പിട സൗകര്യങ്ങളുടെ സുരക്ഷക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്റെയും, അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണ്. മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം ചൂണ്ടികാട്ടി. അന്താരാഷ്ട്ര നിയമത്തിനും യു.എൻ ചാർട്ടറിനും അനുസൃതമായി, രാജ്യത്തിന്റെ സുരക്ഷയും പ്രദേശങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്നും വ്യക്തമാക്കി.
കുവൈത്തിനു നേരെ ഇന്ന് പുലർച്ചെയും ഇറാൻ ആക്രമണം ഉണ്ടായി. രാജ്യത്തെ ലക്ഷ്യമിട്ട ആക്രമണങ്ങളെ പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. ഇറാൻ-യു.എസ്,ഇസ്രായേൽ സംഘർഷം വീണ്ടും ഉടലെടുത്തതോടെ കുവൈത്തിനു നേരെ അടുത്തിടെ തുടർച്ചയായി ആക്രമങ്ങൾ നടക്കുന്നുണ്ട്. ജൂൺ മൂന്നിന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

