റിയാദ്, അബഹ വിമാനത്താവള ആക്രമണം: ശക്തമായി അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു.
സാധാരണക്കാരെയും സാമ്പത്തിക-സിവിൽ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീരുത്വപരമായ ആക്രമണങ്ങൾ ആവർത്തിക്കുന്നതിനെ ശക്തമായി എതിർക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
മരണത്തിനും പരിക്കിനും കാരണമായ ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യവും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സുരക്ഷിതരാക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് ആവർത്തിച്ചു വ്യക്തമാക്കി.
സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ ആത്മാർത്ഥമായ അനുശോചനം അറിയിച്ച കുവൈത്ത് പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായത്. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

