സാമ്പത്തിക ഇന്റലിജൻസ് സഹകരണം വർധിപ്പിക്കാൻ കുവൈത്തും ഇന്ത്യയും
text_fieldsകുവൈത്ത് സാമ്പത്തിക ഇന്റലിജൻസ് യൂനിറ്റ് ഇന്ത്യയിലെ ആന്റി-മണി ലോണ്ടറിങ് ബ്യൂറോ പ്രതിനിധികൾ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ
കുവൈത്ത് സിറ്റി: സാമ്പത്തിക ഇന്റലിജൻസ് സഹകരണം വർധിപ്പിക്കാൻ കുവൈത്തും ഇന്ത്യയും. ഇതിന്റെ ഭാഗമായി കുവൈത്തിലെ സാമ്പത്തിക ഇന്റലിജൻസ് യൂനിറ്റും ഇന്ത്യയിലെ ആന്റി മണി ലോണ്ടറിങ് ബ്യൂറോയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. വിവര വിനിമയത്തിലും സാമ്പത്തിക ഇന്റലിജൻസ് ശ്രമങ്ങളിലും സഹകരണം വർധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ആഗോള സാമ്പത്തിക നിരീക്ഷണ സംഘടനയായ എഗ്മോണ്ട് ഗ്രൂപ്പിന്റെ യോഗത്തിനുശേഷം ഒപ്പുവെച്ച കരാർ ഇന്റലിജൻസ് യൂനിറ്റുകളുടെ സുതാര്യതയും സഹകരണവും വർധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെയും ഇന്ത്യയുടെയും പ്രതിബദ്ധതയുടെ തെളിവാണെന്ന് കുവൈത്ത് സാമ്പത്തിക നിരീക്ഷണ മേധാവി ഹമദ് അൽ മെക്രാദ് പറഞ്ഞു.
വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് കരാർ. വിവര കൈമാറ്റത്തിന്റെ ഒഴുക്ക് ലളിതമാക്കുന്നതിന് കരാർ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ യാഥാർഥ്യമാകുന്നതിന് മുമ്പുതന്നെ കുവൈത്തും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ഇന്റലിജൻസ് യൂനിറ്റുകൾ സഹകരണത്തിന്റെ വഴിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സഹകരണത്തിന്റെ വ്യാപ്തി വികസിപ്പിക്കുക, ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി വിവര കൈമാറ്റത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, സാങ്കേതിക വിശകലന ശേഷികൾ ശക്തിപ്പെടുത്തുക, വിവിധ യൂനിറ്റുകളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഹമദ് അൽ മെക്രാദ് അഭിപ്രായപ്പെട്ടു. ദേശീയ, ആഗോള സാമ്പത്തിക വ്യവസ്ഥയെ നിയമവിരുദ്ധ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിന് ഇത് സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

