ചൈന, ഇറാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളുമായി കുവൈത്ത് ബന്ധം ശക്തമാക്കുന്നു
text_fieldsവാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാൻ അംബാസഡർമാരുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ ഐബാൻ, ചൈന, ഇറാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളുടെ അംബാസഡർമാരുമായി വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.
ചൈനയുടെ അംബാസഡർ ഷാങ് ജിയാൻവെയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനും സാമ്പത്തിക, നിക്ഷേപ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികൾ വിലയിരുത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
വ്യാപാരം, സാമ്പത്തികം, നിക്ഷേപ സഹകരണം എന്നിവയിൽ ചൈനയുമായി ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും സജീവമാക്കേണ്ടതിന്റെ ആവശ്യകത യുവജനകാര്യ സഹമന്ത്രി കൂടിയായ അൽ ഐബാൻ എടുത്തുപറഞ്ഞു.
അറേബ്യൻ ഗൾഫ് മേഖലയിൽ ചൈന നടപ്പാക്കുന്ന വൻ പദ്ധതികളിൽ കുവൈത്തിന്റെ പങ്കാളിത്തവും സംയുക്ത നിക്ഷേപത്തിന്റെ സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു.
കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ടൗട്ടൂഞ്ചിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാര, സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ മന്ത്രി ചർച്ച ചെയ്തു. ഭക്ഷണം, കൃഷി, മൃഗസമ്പത്ത് എന്നീ മേഖലകളിൽ ഇറാനിലെ നിക്ഷേപ സാധ്യതകൾ ഇരുവരും അവലോകനം ചെയ്തു.
ദക്ഷിണ കൊറിയൻ അംബാസഡർ ജിയോങ് ബിയോങ് ഹയുമായുള്ള കൂടിക്കാഴ്ചയിൽ ദക്ഷിണ കൊറിയൻ കമ്പനികൾ കുവൈത്തിൽ നടപ്പാക്കുന്ന സംയുക്ത സംരംഭങ്ങളുടെയും നിക്ഷേപങ്ങളുടെയും പുരോഗതി അവലോകനം ചെയ്തു. സംയുക്ത സാമ്പത്തിക കമീഷൻ വീണ്ടും സജീവമാക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

