കായിക കുതിപ്പിനൊരുങ്ങി കുവൈത്ത്; പുതിയ നാലു സ്റ്റേഡിയങ്ങൾ വരുന്നു
text_fieldsജാബിര്‍ അല്‍അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയം
കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള നാലു പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നുമെന്ന് സ്പോര്‍ട്സ് അതോറിറ്റി അറിയിച്ചു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കസ്മ, കുവൈത്ത് സ്റ്റേഡിയങ്ങള്‍ നവീകരിക്കും. സുലൈബിഖാത്ത്, ഫഹാഹീൽ, അൽ ഖാദിസിയ, അൽ അറബി എന്നിവിടങ്ങളിലായി പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കാനാണ് പദ്ധതി. 15,000 പേരെ ഉൾക്കൊള്ളാനാകുന്ന സുലൈബിഖാത്ത് സ്റ്റേഡിയം ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. 14,000 പേരെ ഉൾക്കൊള്ളാനാകുന്നതാകും ഫഹാഹീലിൽ സ്റ്റേഡിയം. ഇത് 2024ൽ പൂർത്തിയാക്കും. 32,000 പേർക്ക് കളികാണാനാകുന്ന വിധത്തിലാണ് അൽ ഖാദിസിയ സ്റ്റേഡിയം വിഭാവനം ചെയ്യുന്നത്. രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കും. 30,000 പേരെ ഉൾക്കൊള്ളാനാകുന്ന അൽ അറബി സ്റ്റേഡിയവും രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കും. ഇതോടൊപ്പം നിലവിലെ കസ്മ, കുവൈത്ത് സ്റ്റേഡിയങ്ങള്‍ നവീകരിച്ച് കൂടുതൽ ആളുകളെ ഉൾക്കൊള്ളാനും മെച്ചപ്പെട്ട പാർക്കിങ് സൗകര്യങ്ങളും ഒരുക്കും.
നിലവില്‍ രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍അഹ്മദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയം മാത്രമാണുള്ളത്. ആധുനിക സംവിധാനങ്ങളുടെ കാര്യത്തില്‍ പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിട്ടാണ് ശൈഖ് ജാബിര്‍ സ്റ്റേഡിയം അറിയപ്പെടുന്നത്. 2005ല്‍ നിര്‍മാണമാരംഭിച്ച ജാബിര്‍ സ്റ്റേഡിയ നിര്‍മാണം 2015ലാണ് പൂര്‍ത്തിയാകുന്നത്. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ 68,000 പേര്‍ക്കിരിക്കാം. 54 കോര്‍പറേറ്റ് ബോക്സുകളുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. നിലവിൽ കുവൈത്ത് ദേശീയ ഫുട്ബാൾ ടീമിന്റെ ഹോം ഗ്രൗണ്ടാണ് ജാബിർ അൽ അഹമ്മദ് സ്റ്റേഡിയം.
ആറു സ്റ്റേഡിയങ്ങൾക്കു പുറമെ സ്പോർട്സ് സിറ്റിയും അധികൃതരുടെ പരിഗണനയിലുണ്ട്. രാജ്യത്തെ കായിക മേഖലയെ ഉത്തേജിപ്പിക്കുന്നതിന് മറ്റു പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. രാജ്യത്തേക്ക് കൂടുതൽ ചാമ്പ്യൻഷിപ്പുകൾ എത്തിക്കലും ലക്ഷ്യമാണ്.
അതിനുള്ള അടിസഥാനസൗകര്യ വികസനം എന്ന നിലക്കാണ് സ്റ്റേഡിയങ്ങളുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

