കുവൈത്ത് ‘സ്പോർട്സ് ഡേ’ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: വൈവിധ്യമാർന്ന കായിക പരിപാടികളുമായി രണ്ടാമത് കുവൈത്ത് ‘സ്പോർട്സ് ഡേ’ ശനിയാഴ്ച നടക്കും. ജാബിർ പാലത്തിൽ നടക്കുന്ന മാരത്തണാണ് ‘സ്പോർട്സ് ഡേ’യിലെ പ്രധാനവും ആകർഷകവുമായ പരിപാടികളിലൊന്ന്. മലയാളികളും പ്രവാസികളും അടക്കം വ്യാപകമായ പങ്കാളിത്തം ഇതിൽ പ്രതീക്ഷിക്കുന്നു.
മാരത്തണിനുള്ള രജിസ്ട്രേഷൻ ‘ഹയാകോം’ പ്ലാറ്റ്ഫോം വഴി പൂർത്തിയാക്കിയിട്ടുണ്ട്. എട്ട് ടീമുകൾ പങ്കെടുക്കുന്ന ഗൾഫ് ഫുട്ബാൾ ലെജൻഡ്സ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങും, യൂത്ത് ഫുട്ബാൾ ലീഗും ‘സ്പോർട്സ് ഡേ’യുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും. യുവജന കായിക വിനോദങ്ങളെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷം. പരിപാടികളുടെ സജ്ജീകരണങ്ങൾ സുപ്രീം സംഘാടക സമിതി പൂർത്തിയാക്കിയിട്ടുണ്ട്.

